Sub Lead

വഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകം- എസ്ഡിപിഐ

വഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകം- എസ്ഡിപിഐ
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. നിയമത്തിലെ ചില വ്യവസ്ഥകള്‍ മാത്രം സ്റ്റേ ചെയ്യുകയും അപകടകരമായ നിരവധി വ്യവസ്ഥകള്‍ നിലനിര്‍ത്തുകയും ചെയ്തതിനാല്‍, ഈ ഇടക്കാല ഉത്തരവ് മുസ്‌ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളും അന്തസ്സും പൂര്‍ണ്ണമായി സംരക്ഷിക്കുന്നില്ലെന്ന്് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നിയമത്തിനെതിരെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫിയും ഹരജി നല്‍കിയിരുന്നു. നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തത് ഭാഗികമായ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, വഖ്ഫ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ സമയപരിധി ബാധകമാക്കിയതും ഉപയോഗത്തിലൂടെയുള്ള വഖഫ് നിര്‍ത്തലാക്കുന്നതും ആദിവാസി പ്രദേശങ്ങളില്‍ വഖ്ഫ് തടയുന്നതും അടക്കമുള്ള വ്യവസ്ഥകള്‍ സ്റ്റേ ചെയ്യാത്തത് വെല്ലുവിളിയാണ്.

സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലും അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതില്‍ എസ്ഡിപിഐ ഖേദം രേഖപ്പെടുത്തി. ഇത് അത്യധികം നിരാശാജനകവും നീതിരഹിതവുമാണെന്ന് പാര്‍ട്ടി വിശേഷിപ്പിച്ചു. ഇത് ഒരു പൂര്‍ണ്ണ വിജയമല്ല. ഒരു സമ്പൂര്‍ണ്ണ സ്റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചതിലൂടെ, നിയമത്തിന്റെ വിഷലിപ്തമായ രൂപകല്‍പ്പനകള്‍ ഇപ്പോഴും വളരാന്‍ അനുവദിക്കുന്നു. പൗരാണികമായ വഖ്ഫ് വസ്തുക്കള്‍ ഒഴിവാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വഖ്ഫ് സ്വത്തുക്കളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പോലുള്ള വ്യവസ്ഥകള്‍ സമുദായത്തിന് മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളായി നിലനില്‍ക്കുന്നുവെന്ന് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് മുന്നറിയിപ്പ് നല്‍കി. ഭീകര നിയമത്തിനെതിരെ ജനാധിപത്യപരമായ പോരാട്ടം തുടരുമെന്നും അന്തിമ ഉത്തരവ് അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി.


Next Story

RELATED STORIES

Share it