Sub Lead

മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്ന ഭീഷണി; ആര്‍എസ്എസ്സിന് താക്കീതായി ജനകീയ പ്രതിഷേധങ്ങള്‍

മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്ന ഭീഷണി; ആര്‍എസ്എസ്സിന് താക്കീതായി ജനകീയ പ്രതിഷേധങ്ങള്‍
X

കണ്ണൂര്‍: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി. സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ആസൂത്രിതമായാണ് സംഘപരിവാര്‍ വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.


എസ്ഡിപിഐ, മുസ് ലിംലീഗ്, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ആര്‍എസ്എസ്സിന്റെ കൊലവിളിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് പേരാണ് വിവിധ പ്രകടനങ്ങളില്‍ അണിനിരന്നത്.

വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ ആര്‍എസ്എസ്സിനെ തെരുവില്‍ നേരിടുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.


എസ്ഡിപിഐ സംഘടിപ്പിച്ച പ്രകടനത്തിന് നൂറുകണക്കിന് പേര്‍ അണിനിരുന്നു. എസ്ഡിപി ഐ തലശ്ശേരി മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കെ ഉമര്‍ മാസ്റ്റര്‍, കെ ഇബ്രാഹീം, തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീര്‍, സെക്രട്ടറി നൗഷാദ് ബംഗ്ല എന്നിവര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച്ച വൈകീട്ടാണ് മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്ന മുദ്രാവാക്യവുമായി തലശ്ശേരിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയാണ് സംഭവം. 'അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല... ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്'' എന്നീ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തിയത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജ്ഞിത്ത്, കെപി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വിദ്വേഷം വമിപ്പിക്കുന്ന മുദ്രാവാക്യം ഉയര്‍ത്തിയത്.

ബിജെപി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എന്‍ ജിഥുന്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ബിജെപി-ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയും പോലിസില്‍ പരാതി നല്‍കിയിരുന്നു. എസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് വി ബിയാണ് തലശ്ശേരി പോലിസില്‍ പരാതി നല്‍കിയത്.

ബിജെപി പ്രകടനം മതവികാരം ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് കാരണമാകുന്നതാണെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറഞ്ഞു. 'സ്വസ്ഥമായി ജീവിച്ച് വരുന്ന മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ വളര്‍ത്തുകയും പൊതുജനങ്ങളുടെ ആകെ സ്വസ്ഥത തകര്‍ക്കുകയും ചെയ്യും പ്രകാരം സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ആസൂത്രിതമായി ബിജെപി നേതാക്കളുെട ഗൂഢാലോചനയെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

ഈ സംഭവത്തിലേക്ക് നയിച്ച വിപുലമായ ഗൂഢാലോചന സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ശക്തമായ ഇടപെടലുകള്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണ്. നിരപരാധികളുടെ ജീവനും സ്വത്തും അപായപ്പെടുത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങളെ അടിച്ചമര്‍ത്തേണ്ടതാണ്. ആയതിനാല്‍ ഇന്ന് തലശ്ശേരിയില്‍ നടന്ന പ്രകടനത്തില്‍ സംഘര്‍ഷം വളര്‍ത്തുന്നതിനും കലാപം സൃഷ്ടിക്കുന്നതിനും ഗൂഢാലോചന നടത്തിയ നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'. ഡിവൈഎഫ്‌ഐ നല്‍കിയ പരാതില്‍ ആവശ്യപ്പെട്ടു.

ബിജെപി നേതാവായിരുന്ന കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ 1999 ല്‍ ക്ലാസ്മുറിയില്‍ വെച്ചായിരുന്നു കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു.

Next Story

RELATED STORIES

Share it