Sub Lead

ഹരിയാനയില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന രാഹുല്‍ ഖാന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

ഹരിയാനയില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന രാഹുല്‍ ഖാന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഹിന്ദുത്വര്‍ ക്രൂരമായി തല്ലിക്കൊന്ന രാഹുല്‍ ഖാന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തിലുള്ള രാഹുല്‍ ഖാന്റെ വീട് സന്ദര്‍ശിച്ചത്. രാഹുല്‍ ഖാന്റെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

പരിക്കേറ്റയാളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മരണ മൊഴി രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആശുപത്രി പാലിച്ചിരുന്നോ എന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റവാളികളുടെ ക്രിമിനല്‍, രാഷ്ട്രീയ പാര്‍ട്ടി പശ്ചാതലം, കൊലപാതകത്തിന് പിന്നിലെ വര്‍ഗീയ അജണ്ട, പോലിസ് നിശ്പക്ഷമായ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 14ന് ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. 22 വയസ്സുകാരനായ രാഹുല്‍ ഖാനാണ് ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. രാഹുലിന്റെ സുഹൃത്തുക്കളായ കൗള, ആകാശ് എന്ന ദില്‍ജലെ, വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ആകാശിനെയും വിശാലിനെയും പോലിസ് അറസ്റ്റുചെയ്തു. കൗളിന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.

യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഖാനെ 'മുല്ല' എന്ന് ആക്രോശിച്ച് നിലത്തിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 'ഞങ്ങള്‍ ഹിന്ദുക്കളാണ്, നിങ്ങള്‍ മുസ്‌ലിമാണ്' എന്ന് അക്രമികള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മര്‍ദ്ദനമേറ്റ് രാഹുല്‍ ഖാന്‍ നിസ്സഹായനായി നിലവിളിക്കുന്നതുമുണ്ട്. എന്നിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. മര്‍ദ്ദിച്ച സുഹൃത്തുക്കളിലൊരാളായ കൗളാണ് രാഹുല്‍ ഖാന്‍ കൊല്ലപ്പെട്ട വിവരം കുടുംബത്തെ അറിയിക്കുന്നത്.

അപകടത്തില്‍ രാഹുല്‍ കൊല്ലപ്പെട്ടെന്ന് കൗള്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യാ സഹോദരന്‍ അക്രം ഖാന്‍ പറഞ്ഞു. കൗള പറഞ്ഞത് വിശ്വസിച്ച് ഇക്കാര്യം അടുത്തുള്ള പോലിസ് സ്‌റ്റേഷനായ ഛന്ധാത്തില്‍ കുടുംബം അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം ഡിസംബര്‍ 15നാണ് രാഹുല്‍ ഖാനെനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. രാഹുല്‍ ഖാന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതും നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. തുടര്‍ന്ന് കൊലക്കുറ്റത്തിന് പോലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അക്രം ഖാനെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it