Sub Lead

ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ വീണ്ടും ശിപാര്‍ശ ചെയ്ത് കൊളീജിയം; കേന്ദ്ര നിലപാട് നിര്‍ണായകം

ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. മാത്രമല്ല, സുപ്രിംകോടതി ജഡ്ജി നിയമനത്തില്‍ ഇദ്ദേഹത്തെ പരിഗണിക്കാന്‍ കൊളീജിയം തയ്യാറാവുകയും ചെയ്തിരുന്നില്ല.

ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ വീണ്ടും ശിപാര്‍ശ ചെയ്ത് കൊളീജിയം; കേന്ദ്ര നിലപാട് നിര്‍ണായകം
X

ന്യൂഡല്‍ഹി: ഗുജറാത്ത് ജഡ്ജിയായി സേവനം അനുഷ്ഠിക്കെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ പോലിസ് കസ്റ്റഡിയില്‍ വിട്ടതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രിം കോടതി കൊളീജിയം. നിലവില്‍ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റസ് ഖുറേഷി.

ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. മാത്രമല്ല, സുപ്രിംകോടതി ജഡ്ജി നിയമനത്തില്‍ ഇദ്ദേഹത്തെ പരിഗണിക്കാന്‍ കൊളീജിയം തയ്യാറാവുകയും ചെയ്തിരുന്നില്ല.സീനിയോറിറ്റിയില്‍ രണ്ടാമനായിരുന്ന ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ സുപ്രിംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം തയ്യാറാകാത്തത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഖുറേഷിയെ വീണ്ടും കൊളീജിയം ശിപാര്‍ശ ചെയ്തത്. ഗുജറാത്ത് ജഡ്ജിയായി സേവനം അനുഷ്ഠിക്കെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ പോലിസ് കസ്റ്റഡിയില്‍ വിട്ടത് ആഖില്‍ ഖുറേഷിയാണ്. ഇതിന്റെ ചുവട് പിടിച്ച് ഇദ്ദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ പകപോക്കുകയാണെന്ന് ആരോപണം ശക്തമായിരുന്നു.

ഇതിനു പിന്നാലെ, കേന്ദ്ര സര്‍ക്കാര്‍ ബാഹ്യ പരിഗണനകള്‍ കാരണം അദ്ദേഹത്തിന്റെ ഉയര്‍ച്ച തടയുകയാണെന്ന് ആരോപിച്ച് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സുപ്രിം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.അതിനിടെ, 2019 സെപ്റ്റംബറില്‍, സുപ്രിം കോടതി കൊളീജിയം ജസ്റ്റിസ് ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു. ഇത് കേന്ദ്രം അംഗീകരിക്കുകയും 2019 നവംബര്‍ 16ന് ജസ്റ്റിസ് ഖുറേശി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

അതേസമയം, വീണ്ടും ആഖില്‍ ഖുറേഷിയെ ശിപാര്‍ശ ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എട്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റത്തിനും അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്.1983ല്‍ നിയമത്തില്‍ ബിരുദനേടിയ ശേഷം ജസ്റ്റിസ് ഖുറേഷി ഗുജറാത്തില്‍ ഒരു അഭിഭാഷകനായി ചേര്‍ന്നു. 2004 മാര്‍ച്ചില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005 ല്‍ സ്ഥിരം ജഡ്ജിയായി. 2018 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹത്തെ 2018 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it