Latest News

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം

തമിഴ്നാട്ടില്‍ വീണ്ടും ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഒ പനീര്‍സെല്‍വം

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം
X

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീര്‍സെല്‍വം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടില്‍ വീണ്ടും ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സന്ദര്‍ശനത്തിനു പിന്നാലെ പനീര്‍സെല്‍വം പറഞ്ഞു. 'ഡിഎംകെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. ഞാന്‍ ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിജയകരവും മികച്ചതുമായ ഭരണത്തിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു' പനീര്‍സെല്‍വം പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പനീര്‍സെല്‍വത്തിന്റെ ചുവടുമാറ്റം ശ്രദ്ധേയമാണ്. സന്ദര്‍ശനം സംബന്ധിച്ച് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.

ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭ പിരിയുന്ന ദിവസമായിരുന്നു ഇന്ന്. ഉച്ചയോടെ, സഭയില്‍ എം കെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷ എംഎല്‍എ പി അയ്യപ്പന്‍ രംഗത്തെത്തി. പിന്നാലെ, ഒപിഎസ്-എം കെ സ്റ്റാലിന്‍ കൂടികാഴ്ച. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കൂടികാഴ്ചയില്‍ പങ്കെടുത്തു. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പനീര്‍സെല്‍വം പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ഒ പനീര്‍സെല്‍വം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തില്‍ രാമനാഥപുരം നിയോജകമണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി സഖ്യം വിട്ട പനീര്‍സെല്‍വം എഐഎഡിഎംകെയില്‍ തിരിച്ചെത്താന്‍ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി എതിര്‍ക്കുകയായിരുന്നു. സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള നീക്കവും അതിനിടെ ഒപിഎസ് നടത്തി. എന്നാല്‍ അതുമുണ്ടായില്ല. ഇതോടെയാണ്, സുരക്ഷിത ഇടമെന്ന നിലയില്‍ ഡിഎംകെയിലേക്കെത്താന്‍ ഒപിഎസ് തീരുമാനിച്ചതെന്നാണ് സൂചന.

Next Story

RELATED STORIES

Share it