Sub Lead

മതമല്ല ദേശീയത നിര്‍ണയിക്കേണ്ടത്; പൗരത്വ ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍

'മതത്തിന് ദേശീയത നിര്‍ണയിക്കാന്‍ കഴിയില്ലെന്നും നമ്മുടേത് എല്ലാവര്‍ക്കുമുള്ള രാജ്യമാണെന്നും മഹാത്മ ഗാന്ധി, നെഹ്‌റുജി, മൗലാന ആസാദ്, ഡോ.അംബേദ്കര്‍ തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്'

മതമല്ല ദേശീയത നിര്‍ണയിക്കേണ്ടത്;  പൗരത്വ ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 'ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ആശയം ഈ ബില്ലില്‍ ലംഘിക്കപ്പെടുന്നു. മതം ഒരു ജനതയെ നിര്‍ണയിക്കണമെന്ന് വിശ്വസിക്കുന്നവര്‍, അതായിരുന്നു പാകിസ്താന്‍ വാദികളുടെ ആശയം. മതത്തിന് ദേശീയത നിര്‍ണയിക്കാന്‍ കഴിയില്ലെന്നും നമ്മുടേത് എല്ലാവര്‍ക്കുമുള്ള രാജ്യമാണെന്നും മഹാത്മ ഗാന്ധി, നെഹ്‌റുജി, മൗലാന ആസാദ്, ഡോ.അംബേദ്കര്‍ തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്. മതത്തിനപ്പുറത്ത് എല്ലാവര്‍ക്കും നമ്മുടെ രാജ്യത്ത് തുല്യ അവകാശങ്ങളുണ്ട്. ആ അടിസ്ഥാന തത്വത്തെയാണ് ഇന്ന് ഈ ബില്‍ ലംഘിക്കുന്നത്'. ശശി തരൂര്‍ പറഞ്ഞു.

മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ(ഭേദഗതി) ബില്ലിന് ഇന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്കകള്‍ പരിഗണിച്ചു കൊണ്ട് ബില്ലില്‍ ഭേദഗതി ചെയ്യുകയും ചെയ്തതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പങ്കാളികളുടെയും വംശീയസാംസ്‌കാരിക ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ബാധകമാകുന്ന അത്തരം പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ബില്‍ പരിരക്ഷ നല്‍കുമെന്നും സ്വയംഭരണാധികാരം നല്‍കുമെന്നും അദ്ദേഹം സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്കും രാഷ്ട്രീയ പ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കി.

പൗരത്വ (ഭേദഗതി) ബില്ലില്‍നിന്നും മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പ്രധാനമായും ഇസ്‌ലാമിക രാജ്യങ്ങളാണെന്നും അവിടെ മതപരമായ പീഡനങ്ങള്‍ നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ ബിജെപി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്ന ബില്ലില്‍ മുസ് ലിംകളെ മാത്രം ഒഴിവാക്കി. മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.




Next Story

RELATED STORIES

Share it