Sub Lead

നാസര്‍ ഫൈസി കൂടത്തായിക്കെതിരായ സസ്‌പെന്‍ഷന്‍ സമസ്ത പിന്‍വലിച്ചു

നാസര്‍ ഫൈസി കൂടത്തായിക്കെതിരായ സസ്‌പെന്‍ഷന്‍ സമസ്ത പിന്‍വലിച്ചു
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടിയുള്ള ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ലഘുലേഖ സ്വീകരിച്ചതിനെ തുടര്‍ന്ന് നടപടിക്കു വിധേയനായ എസ് വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിക്കെതിരായ സസ്‌പെന്‍ഷന്‍ സമസ്ത പിന്‍വലിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക ഭാരവാഹി സ്ഥാനങ്ങളില്‍ നിന്ന് നാസര്‍ ഫൈസിയെ ഇക്കഴിഞ്ഞ ജനുവരി ആറിന് സമസ്ത പുറത്താക്കിയത്. നാസര്‍ ഫൈസിയുടെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സമസ്ത നേതൃത്വം അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് നാസര്‍ ഫൈസി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പരസ്യമായി ഖേദം പ്രകടിപ്പിച്ചത് മുഖവിലയ്‌ക്കെടുത്താണ് സസ്‌പെന്‍ഷന്‍ നടപടി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും പിന്‍വലിച്ചതെന്നാണു സൂചന.

ബിജെപി നേതാക്കളെ വീട്ടില്‍ സ്വീകരിച്ച് പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോയെടുക്കാന്‍ നിന്നു കൊടുത്തതിനെതിരേ സമസ്ത നേതാക്കള്‍ തന്നെ രൂക്ഷമായാണു വിമര്‍ശിച്ചിരുന്നത്. നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്നായിരുന്നു പലരുടെയും വിമര്‍ശനം. ബിജെപിയാവട്ടെ നാസര്‍ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ഖാദിയും എസ് വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം നാസര്‍ ഫൈസിക്കെതിരേ രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം നിലപാട് കടുപ്പിച്ചതോടെയാണ് നാസര്‍ ഫൈസി മാപ്പുപറഞ്ഞത്. പിന്നാലെ പരസ്യവിമര്‍ശനവുമായി എസ് കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും രംഗത്തെത്തിയിരുന്നു.



Next Story

RELATED STORIES

Share it