Sub Lead

'വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി'; പൂഞ്ഞാര്‍ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം

വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി; പൂഞ്ഞാര്‍ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം
X

കോഴിക്കോട്: പൂഞ്ഞാര്‍ സെന്റ് തോമസ് ചര്‍ച്ച് ഗ്രൗണ്ടില്‍ ഈരാറ്റുപേട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ വീഡിയോ ഷൂട്ടുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം. പൂഞ്ഞാറിലെ ക്രിസ്ത്യന്‍ പള്ളിമുറ്റത്ത് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ അതിക്രമത്തെ മതം നോക്കി വിലയിരുത്തി, മുസ്‌ലിം വിഭാഗം കാട്ടിയ തെമ്മാടിത്തമെന്ന് അധിക്ഷേപം ചൊരിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതര കേരളത്തെ അമ്പരപ്പിച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ വിമര്‍ശിച്ചു. അതിക്രമം കാട്ടിയ കുട്ടികളോ അതു നേരിട്ട പള്ളി വികാരിയോ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളോ അന്നാട്ടുകാരോ കാണാത്ത, ചിന്തിക്കാത്ത തലത്തിലേക്ക് ആ വിഷയത്തെ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയത് പൊതുസമൂഹത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കിയതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു ചെറിയ കൂട്ടം വിദ്യാര്‍ഥികളുടെ തീര്‍ത്തും തെറ്റായ അക്രമപ്രവര്‍ത്തനത്തെ ആ വിധത്തില്‍ കാണുന്നതിനും കൈകാര്യം ചെയ്യുന്നതിനും പകരം അക്രമികള്‍ക്ക് മുസ് ലിം ചാപ്പ കുത്തിയത് സംഘപരിവാര്‍ രീതിയായിപ്പോയി. നാട്ടില്‍ വാഹനാപകടം ഉണ്ടായാലും അതിര്‍ത്തി തര്‍ക്കമുണ്ടായാലും വ്യക്തികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാലും അതിലൊക്കെ മതനിറം നോക്കി ഇടപെടുന്ന വര്‍ഗീയ വാദികളുടെ രീതിയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി താഴ്ന്നുപോവാന്‍ പാടില്ലായിരുന്നു. ആരെ സുഖിപ്പിക്കാനാണ്, ആരുടെ കൈയടി നേടാനാണ് മുഖ്യമന്ത്രി അവാസ്തവമായ ഒരു കാര്യം ആരോപിച്ചതെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ തൊടുന്നതിലൊക്കെ രാഷ്ട്രീയ താല്‍പര്യം കാണുന്ന പതിവ് ശൈലി മാത്രമല്ല അത്. മറിച്ച് ഒരു വിഭാഗത്തെ പൊതുബോധത്തില്‍ ബോധപൂര്‍വമായി കുഴപ്പക്കാരാക്കി ചിത്രീകരിക്കുകയായിരുന്നു. ഇസ്‌ലാമോഫോബിയ എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും ചിന്തിക്കുന്നതിലും വരെ ഇസ്‌ലാംവിരുദ്ധത കെട്ടിപ്പൊക്കുകയെന്നത് സംഘപരിവാര്‍ കാലങ്ങളായി പ്രയോഗിക്കുന്ന വിഷലിപ്തമായ ആയുധങ്ങളിലൊന്നാണ്. അതേ രീതിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പെരുമാറാമോയെന്നാണ് ചോദ്യം.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കെഎന്‍എം നേതാവ് ഹുസയ്ന്‍ മടവൂരിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. ''എന്തു തെമ്മാടിത്തമാണ് യഥാര്‍ഥത്തില്‍ അവിടെ കാട്ടിയത്. ആ ഫാദറിനു നേരെ വാഹനം കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുക. എന്നാല്‍, അതില്‍ മുസ് ലിം വിഭാഗക്കാര്‍ മാത്രമാണുണ്ടായത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ല'' എന്നായിരുന്നു പരാമര്‍ശം. മുഖ്യമത്രിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് സമസ്ത മുഖപത്രം അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഇത്തരത്തില്‍ മുസ്‌ലിംവിരുദ്ധ പ്രസ്താവന നടത്തിയത് യാദൃഛികമെന്ന് കരുതാനാവില്ല. സംഭവത്തിനു പിന്നിലെ സത്യമെന്തെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ ഉപദേശകരും പോലിസ് റിപോര്‍ട്ടും സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരും മാത്രമല്ല ഉള്ളതെന്ന് പിണറായി വിജയനെ അടുത്തറിയുന്ന ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണ്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ പോലെ അപക്വമായി മുഖ്യമന്ത്രി സംസാരിക്കുന്നത് നാടിന് നല്ലതല്ല. ഏതു വസ്തുതകളുടെ പിന്‍ബലത്തിലാണ് പൂഞ്ഞാറില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ തെമ്മാടിത്തം കാട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പോലിസ് റിപോര്‍ട്ട് ഉദ്ധരിച്ചോ, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നിന്നുള്ള വിവരം അനുസരിച്ചോ?. രണ്ടായാലും അതു തെറ്റായ വിവരമാണെന്ന് അന്നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഭവസ്ഥലത്തെ ദൃക്‌സാക്ഷികള്‍, നാട്ടിലെ വിവിധ സമുദായ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എല്ലാം ഒരേ സ്വരത്തില്‍ വ്യാജമെന്ന് സാക്ഷ്യപ്പെടുത്തിയ സംഭവം മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള വടിയായി മുഖ്യമന്ത്രി ഉപയോഗിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.

പൂഞ്ഞാര്‍ സംഭവത്തില്‍ യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാന്‍ തയാറാവാതെ സമുഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരുടെ പോസ്റ്റുകള്‍ വിശ്വാസത്തിലെടുത്തതു പോലുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. സംഭവം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിനു കരം ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള പരിശ്രമമാണ് മുഖ്യമന്ത്രിയുടെ പ്രസ്താനക്ക് പിന്നിലുള്ളതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ പ്രസ്താവനയിലൂടെ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഖേദം പ്രകടിപ്പിക്കുക മാന്യതയായിരുന്നു. എന്നാല്‍, അതുണ്ടായിട്ടില്ല. മതേതര കേരളത്തില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ സംഘര്‍ഷത്തിലൂടെ തങ്ങളുടെ വിശാല ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടുകയാണ് സംഘപരിവാര്‍ എന്ന കാര്യം അറിയാവുന്ന മുഖ്യമന്ത്രി തന്നെ അതിന് ചൂട്ട് പിടിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും സുപ്രഭാതം വ്യക്തമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it