Sub Lead

ഹിന്ദുത്വം എന്താണ് ചെയ്യുന്നതെന്ന് കാണണമെങ്കില്‍ നൈനിറ്റാളിലെ എന്റെ കത്തിയ വാതില്‍ കാണുക: സല്‍മാന്‍ ഖുര്‍ഷിദ്

രണ്ട് തീവ്ര സംഘടനകളും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. ജിഹാദിസ്റ്റ് ഇസ്‌ലാം എന്ന് പറയുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, പക്ഷേ ഹിന്ദുത്വ ഭീകരവാദം എന്ന് പറയുമ്പോള്‍ മാത്രം എന്താണ് പ്രശ്‌നം

ഹിന്ദുത്വം എന്താണ് ചെയ്യുന്നതെന്ന് കാണണമെങ്കില്‍ നൈനിറ്റാളിലെ എന്റെ കത്തിയ വാതില്‍ കാണുക: സല്‍മാന്‍ ഖുര്‍ഷിദ്
X
ന്യൂഡല്‍ഹി: ഹിന്ദുത്വയും ഐഎസും തമ്മിലുള്ള താരതമ്യത്തിന്റെ പേരില്‍ തന്റെ പുസ്തകത്തെ ലക്ഷ്യമിട്ടവരെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. താന്‍ പറഞ്ഞത് ഹിന്ദുത്വവും ഐഎസു തമ്മില്‍ സമാനതകളുണ്ടെന്നാണെന്നും അല്ലാതെ ഒരു പോലെയാണെന്ന് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


രണ്ട് തീവ്ര സംഘടനകളും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. ജിഹാദിസ്റ്റ് ഇസ്‌ലാം എന്ന് പറയുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, പക്ഷേ ഹിന്ദുത്വ ഭീകരവാദം എന്ന് പറയുമ്പോള്‍ മാത്രം എന്താണ് പ്രശ്‌നം. 'മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ മതത്തിന്റെ ശത്രുക്കളാണ്, ഐഎസും ബോക്കോ ഹറാമും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നു, ഒരു മുസ്‌ലിമും ആ വാദത്തെ എതിര്‍ത്തിട്ടില്ല.

'ഐഎസും ഹിന്ദുത്വവും ഒരുപോലെയാണെന്ന് താന്‍ പറഞ്ഞിട്ടില്ല, അവര്‍ സമാനമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു'- ഖുര്‍ഷിദ് പറഞ്ഞു.

എല്ലാ മതങ്ങളെയും ഒന്നിപ്പിച്ച് മുന്നോട്ട് പോവാനാണ് താന്‍ ആഗ്രഹിക്കുന്നത്. സമാനതകള്‍ കണ്ടെത്തി അതിനെ എടുത്തു കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അയോധ്യാ വിധിയെ പോലും താന്‍ സ്വാഗതം ചെയ്തത്.

നിങ്ങള്‍ക്ക് ഹിന്ദുത്വ ഭീകരതയെ കുറിച്ച് തെളിവ് ഞാന്‍ തരാം. എന്നോട് വിയോജിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. എന്നാല്‍ അവരുടെ വിയോജിപ്പ് എന്റെ നൈനിറ്റാളിലെ വീടിന്റെ മുന്‍വാതില്‍ കത്തിച്ച് കളയുന്നതിലേക്കാണ് നയിച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍.ഹിന്ദൂയിസത്തില്‍ നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വമെന്ന് തെളിയിക്കുന്നതാണ് ഇത്.

സോഷ്യല്‍ മീഡിയയിലൂടെയോ ഫോണ്‍ വിളിയിലൂടെയോ ചീത്തവിളിക്കുന്നതിനു പുറമെ കായികമായും തന്നെ നേരിടുകയാണ്. തന്റെ വീടിന് നേരെയാണ് അവരുടെ ആക്രമണം ഉണ്ടായത്. ഇത് ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയിക്കുകയാണ്.

ഞാന്‍ ഹിന്ദുത്വത്തിന് കീഴടങ്ങണമെന്നാണോ നിങ്ങള്‍ പറയുന്നത്.മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ് അവര്‍. മുന്നില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് കരുതി താന്‍ ഇതൊന്നും പറയാന്‍ പാടില്ല എന്നാണോ നിങ്ങള്‍ പറയുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോട് യോജിക്കാനാവില്ല. എന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിന് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്.

പ്രത്യയശാസ്ത്രപരമായ വ്യക്തതയുമുണ്ട്. ഹിന്ദുയിസവും ഹിന്ദുത്വവും രണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറഞ്ഞതാണ്. അതുകൊണ്ടാണ് രണ്ടിനും വ്യത്യസ്ത പേരുകള്‍ ഉള്ളത് നിഷ്‌കളങ്കരും നിരപരാധികളുമായ ആളുകളെ കൊല്ലുന്നതിലാണ് ഒരു ആശയം വിശ്വസിക്കുന്നത്. മറ്റൊന്ന് വിശ്വസിക്കുന്നത് ഇന്ത്യയുടെ ബഹുസ്വരമായ സംസ്‌കാരത്തിലാണെന്നും സുല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഗുലാ നബി ആസാദ് പറഞ്ഞതൊന്നും കാര്യമായി എടുക്കുന്നില്ലെന്നും തന്റെ നേതാവ് രാഹുല്‍ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.ആസാദ് വളരെ വലിയ നേതാവ്. ബഹുമാന്യനുമാണ്. എന്നാല്‍ അദ്ദേഹവുമായി ഈ വിഷയത്തില്‍ ഒരേ നിലപാടല്ല ഉള്ളത്. അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

എനിക്ക് ഈ വിഷയത്തില്‍ ഒന്നേ പറയാനുള്ളൂ. ഹിന്ദുത്വം എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ നൈനിറ്റാളിലേക്ക് വരൂ, അവിടെ എന്റെ വീടിന്റെ വാതിലുകള്‍ അവര്‍ കത്തിച്ചത് നിങ്ങള്‍ക്ക് കാണിച്ച് തരാമെന്നും ഖുര്‍ഷിദ് പറഞ്ഞു.

Next Story

RELATED STORIES

Share it