Sub Lead

കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് പിന്നാലെ, കെഎസ്ആര്‍ടിസിയില്‍ കുടിശ്ശിക ശമ്പള വിതരണം തുടങ്ങി. ചൊവ്വാഴ്ച രാത്രി തന്നെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ പണമെത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജൂലൈ മാസത്തെ 25% കുടിശ്ശികയും ആഗസ്തിലെ ശമ്പളവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ അധികമായി അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് കുടിശ്ശിക തീര്‍ക്കുന്നത്. ഇന്ന് തന്നെ ശമ്പള കുടിശ്ശിക തീര്‍ക്കുമെന്ന് ഇന്നലെ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ശമ്പളം ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിത്തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. യോഗത്തില്‍ മുഴുവന്‍ ശമ്പളവും കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ നല്‍കിയ പണത്തിനൊപ്പം കെഎസ്ആര്‍ടിസിയുടെ കയ്യിലുള്ള തുക കൂടി ചേര്‍ത്താണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കുക. ഓണം ബോണസോ, ആഡ്വാന്‍സോ നല്‍കാന്‍ പണമില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. നേരത്തെ, ശമ്പളം മുടങ്ങിയതിന് പിന്നാലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരസ്യമായി എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും എന്ന വ്യവസ്ഥയോടെയാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഉത്തരവിറക്കി. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാണോ എന്ന് പറയാതെയാണ് ഉത്തരവ്. അതോടൊപ്പം സിംഗിള്‍ ഡ്യൂട്ടി എങ്ങനെ നടപ്പാക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം ജില്ലയിലെ ക്ലസ്റ്റര്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് മാസം കൊണ്ട് ഘട്ടംഘട്ടമായി സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് ഇന്നലെ തൊഴിലാളി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it