Sub Lead

പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം: പോപുലര്‍ ഫ്രണ്ട്

സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളെ പരാജയപ്പെടുത്താന്‍ ലോക്ക് ഡൗണിനെ തന്ത്രപൂര്‍വം ഉപയോഗിക്കുന്ന കേന്ദ്രനീക്കത്തില്‍ യോഗം പ്രതിഷേധിച്ചു

പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ പൗരന്‍മാരെ തിരിച്ചെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് 19 ലോക്ക്ഡൗണ്‍ മൂലം വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ അനിശ്ചിതാവസ്ഥയില്‍ കഴിയുകയാണ്. വൈറസ് ബാധ ദ്രുതഗതിയില്‍ വളരുന്നതിനാല്‍, ഇത്തരം രാജ്യങ്ങളില്‍ തുടരുന്നത് കൂടുതല്‍ അപകടകരമാണ്. ഇത് ആളുകളില്‍ വൈറസ് ബാധയ്ക്ക് ഇടവരുത്തും. പല രാജ്യങ്ങളിലും നമ്മുടെ പൗരന്‍മാര്‍ അവശ്യസാധനങ്ങളുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്നതായും മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ലോകത്തുടനീളമുള്ള പ്രവാസി സമൂഹം നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കരസ്ഥമാക്കിയ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണം അവരുടെ സംഭാവനകളാണ്. ഇപ്പോള്‍ അവര്‍ മാതൃരാജ്യത്ത് നിന്നുള്ള സഹായത്തിനായി പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. അവരെ നിരാശപ്പെടുത്തരുത്. വിവിധ രാജ്യങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെയും രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കെതിരേ വര്‍ഗീയവും വംശീയവുമായ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ഒരുവിഭാഗം മുഖ്യധാരാ മാധ്യമങ്ങളും ഹിന്ദുത്വ ശക്തികളും വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ മനപൂര്‍വം വൈറസ് പരത്തുന്നതായി അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ സമൂഹത്തില്‍ ഇതിനകം ഭീതിപടര്‍ത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം അഴിച്ചുവിടാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഗോളശ്രദ്ധ പതിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അന്ധത നടിക്കുകയാണ്. വിദ്വേഷ പ്രചാരണം തടയാനും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് എന്‍ഇസി യോഗം ആവശ്യപ്പെട്ടു.

കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് മറ്റൊരു പ്രമേയത്തില്‍ എന്‍ഇസി ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോവാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ തൊഴിലാളികള്‍ വിവിധ നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് രംഗത്തെത്തിയ നിരവധി സംഭവങ്ങളുണ്ടായി. പല സ്ഥലത്തും പ്രതിഷേധം അക്രമാസക്തമാവുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസിന് ബലംപ്രയോഗിക്കേണ്ടി വരികയും ചെയ്തു. അവര്‍ക്കിടയില്‍ ശക്തിപ്പെട്ടുവരുന്ന അനിശ്ചിതത്വവും അസ്വസ്ഥതയും നിസ്സഹായാവസ്ഥയുമാണ് ഇത്തരം സംഭവങ്ങളിലൂടെ പ്രകടമാവുന്നത്. മതിയായ തയ്യാറെടുപ്പുകളില്ലാതെ അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഇതിനകം ഇവര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, ലോക്ക് ഡൗണ്‍ മൂലമുള്ള പ്രശ്‌നങ്ങളെ മറികടക്കാന്‍ സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ പല സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പായില്ല. ഒപ്പംതന്നെ ഇവരുടെ കുടുംബങ്ങളുടെ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങളും പ്രസക്തമാണ്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാനുള്ള തീരുമാനം അവര്‍ക്ക് തീര്‍ത്തും ഉള്‍ക്കൊള്ളാനാവില്ല. ഇവരെ അടിയന്തരമായി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ ഇവരുടെ കുടുംബത്തെ സഹായിക്കാനാവശ്യമായ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് യോഗം ആവശ്യപ്പെട്ടു.

സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളെ പരാജയപ്പെടുത്താന്‍ ലോക്ക് ഡൗണിനെ തന്ത്രപൂര്‍വം ഉപയോഗിക്കുന്ന കേന്ദ്രനീക്കത്തില്‍ യോഗം പ്രതിഷേധിച്ചു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനും നേതൃത്വം നല്‍കിയതിനും നിരവധിയാളുകളെയാണ് ഡല്‍ഹിയില്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ഡല്‍ഹി പോലിസിന്റെ ഇത്തരം നീക്കങ്ങള്‍ അവരുടെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നു. അറസ്റ്റിലായവര്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ നിയമസഹായം ലഭിക്കാന്‍ ഏറെ പ്രയാസകരമാണെന്ന് വ്യക്തമാണ്. ഒപ്പം തന്നെ രാജ്യത്ത് വൈറസ് ബാധയുടെ തോത് ദിനംപ്രതി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ ആളുകളുടെ എണ്ണം കൂടുന്നത് അപകടസാധ്യത ഉയര്‍ത്തും. അതിനാല്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് ഡല്‍ഹി പോലിസ് പിന്‍വാങ്ങണമെന്നും അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it