Sub Lead

'രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളി'

സംഭവം വിവാദമായ സാഹചര്യത്തില്‍ യോനോ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. രാജ്യമെമ്പാടും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എഴുതിയ ലേഖനം.

രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളി
X

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ രാമക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് ശേഖരണം നടത്താന്‍ എടുത്ത തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ശേഖരിക്കാന്‍ എസ്ബിഐയുടെ യോനോ ആപ്പ് വഴിയും പരസ്യം നല്‍കിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തില്‍ യോനോ പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. രാജ്യമെമ്പാടും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എഴുതിയ ലേഖനം.

യോനോ. ''You only need one'-

തെറ്റിദ്ധരിക്കണ്ട. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ അധികം പഴക്കമല്ലാത്ത ഒരു ആപ്പിന്റെ ചുരുക്കപ്പേരാണ്, യോനോ. ''You only need one' അതാണ് പൂര്‍ണ രൂപം. ഇന്ന് രാജ്യത്താകെ ഒരു പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചില ''ദേശസ്‌നേഹികളും '' ഇതേ രീതിയിലുള്ള മുദ്രാവാക്യം ഉയര്‍ത്തി വരുന്ന കാലമാണ്. ഒരിന്ത്യ ഒരു നികുതി, ഒരിന്ത്യ ഒരു നിയമം, ഒരിന്ത്യ ഒരു പാര്‍ട്ടി അങ്ങനെ അങ്ങനെ പലതും. ഇവിടെ അതിന്റെ ഒരു ചെറു മറുപതിപ്പ്. ഒരു ആപ്പിലൂടെ എല്ലാ സൗകര്യവും. എല്ലാം നല്ലതിനു തന്നെ. ഇടപാടുകാരെല്ലാം ആപ്പ് ഡൗണ്‍ലോഡുചെയ്തു. തുടക്കം അവരവരുടെതായ പിന്‍ അടിച്ചു കൊടുത്താണ് ആപ്പിലേക്കുള്ള പ്രവേശനം. പൊതുമേഖലാ ബാങ്കിന്റെ ആപ്പാണ്. അത് കൊണ്ട് തന്നെ പൊതുവായ ജനകീയമായ സന്ദേശങ്ങള്‍ ആപ്പിലൂടെ കൈമാറുന്നത് സ്വാഭാവികം. തുടക്കത്തില്‍ നല്ല സന്ദേശങ്ങളാണ് കൈമാറിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ /മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവന, ദുരന്ത സമയങ്ങളിലെ പ്രധാന കര്‍ത്തവ്യങ്ങള്‍ അങ്ങനെ പലതും. എന്നാല്‍ ഇപ്പോഴോ, വ്യത്യസ്ഥമായ ഒരു സന്ദേശമാണ് ആപ്പിലേറിയാല്‍ കാണാനാകുന്നത്.


ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര സമിതിയുടെ അക്കൗണ്ടിലേക്ക് ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉദാരമായി സംഭാവന ചെയ്യാനാണ് പൊതുമേഖലാ ബാങ്കിന്റെ ആപ്പിലൂടെ പുറത്ത് വരുന്ന ആപ്തവാക്യം! 'തര്‍ക്കഭൂമിയെ' സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന കേസില്‍ കോടതിയുടെ അത്യസാധാരണമായ ഒരു ഇടപെടലിലൂടെ രൂപീകൃതമായ ഒരു ട്രസ്റ്റിന് സംഭാവന നല്‍കാന്‍ ഒരു സര്‍ക്കാര്‍ ബാങ്ക് അവരുടെ ആപ്പിലൂടെ നിര്‍ദ്ദേശം നല്‍കുന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലെ? ഇനി അതേ സുപ്രീംകോടതി അതേ വിധിയില്‍ പറഞ്ഞ മസ്ജിദ് നിര്‍മ്മാണ വേളയിലും ഈ പൊതുമേഖലാ ബാങ്ക് ഇതേ തരത്തിലുള്ള സംഭാവന ചോദിച്ച് സന്ദേശം പുറപ്പെടുവിക്കുമോ? അതോ ഈ കൊറോണക്കാലത്ത് നമ്മളാരുമറിയാതെ നമ്മുടെ ഭരണഘടനയിലൊക്കെ വേണ്ട മാറ്റങ്ങള്‍ വരുത്തിയോ? എന്തിനാണ് അതിലേക്കൊക്കെപ്പോകുന്നത് അല്ലെ? ഇതേ ട്രസ്റ്റിന്റെ ഇതേ അംബല നിര്‍മ്മാണ ചടങ്ങില്‍ സംബന്ധിച്ച് കല്ലിടല്‍ നിര്‍വ്വഹിച്ചത് അതേ ഭരണഘടനയെ ചുംബിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി ജി തന്നെയായിരുന്നില്ലേ? അല്ല, കല്ലിടല്‍ കര്‍മ്മത്തെ സ്വാതന്ത്ര്യ സമര ഏടുകളോട് ചേര്‍ത്ത് കെട്ടുകയായിരുന്നല്ലൊ അദ്ദേഹം. നമ്മുടെ സംസ്‌കാരത്തിന്റെ ആധുനിക മുഖമെന്ന വിശേഷണം കൂടി ഈ 'സത്കര്‍മ്മത്തിന്' വാഴ്ത്തി നല്കിയ പ്രധാനമന്ത്രിയുടെ നാട്ടിലല്ലെ? അപ്പോള്‍ ആപ്പിന്റെ ലക്ഷ്യവും രാജ പ്രീതി തന്നെ.

മേല്‍തട്ടിലെ രാജഭക്തി.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോഴും സര്‍ക്കാര്‍ ബാങ്ക് തന്നെ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്. ബാങ്ക് ദേശസാല്‍ക്കരണത്തിനും വളരെ മുന്‍പ് സര്‍ക്കാര്‍ അധീനതയില്‍ വന്ന വമ്പന്‍ ബാങ്ക്. നിരവധി മഹത് വ്യക്തിത്വങ്ങള്‍ നേതൃത്വം കൊടുത്ത് വളര്‍ത്തി വലുതാക്കിയതാണ് ഈ വലിയ ബാങ്കിനെ. 2013 ഒക്ടോബര്‍ 7 ന് SBl യുടെ ചെയര്‍ പേഴ്‌സണായി ചുമതലയേറ്റ അരുണ്‍ധതി ഭട്ടാചാര്യയെ ഓര്‍ക്കുന്നില്ലെ? മൂന്നു വര്‍ഷമാണ് പ്രസ്തുത തസ്തികയുടെ കാലാവധി. കാലാവധി തീരാറായ വേളയിലാണ് SBl യെ വീണ്ടും വലുതാക്കാന്‍ ഭരണാധികാരികള്‍ ചില പുതിയ ലയന പദ്ധതി പ്രഖ്യാപിച്ചത്. സംഘടനകളെല്ലാം എതിര്‍ത്ത് സമരം പ്രഖ്യാപിച്ചു. പതിവുപോലെ മുഖ്യ സംഘടനാ തലവന്‍ ധനമന്ത്രിയെക്കണ്ട് SBl യെ വിട്ട് മറ്റ് സബ്‌സിഡറികളെ ലയിപ്പിച്ച് തന്റെ സംഘടനയെ കാപ്പാക്കണമെന്ന് അപേക്ഷിച്ചു. ധനമന്ത്രി ഒന്നിരുത്തി ഓ.കെ. മൂളിയതും, സബ്‌സിഡറി ലയനത്തിന് യൂണിയന്‍ ചീഫ് ഡബിള്‍ ഓ കെ പറഞ്ഞ് കത്ത് നല്‍കി. യൂണിയമുഖ്യന്റെ ലയനാംഗീകാര കത്ത് കിട്ടിയ ധനമന്ത്രി ഊറിച്ചിരിച്ചതും യഥാര്‍ത്ഥ ലയനം വേഗതയിലാക്കിയതും ഒക്കെ ചരിത്രം.

ഇതിനിടെ ചെയര്‍പേഴ്‌സണ്‍ അരുണ്‍ധതി ഒരു പണി ചെയ്തു. പത്രക്കാരെ കണ്ട് ഒരു പ്രസ്താവന കാച്ചി. സബ്‌സിഡറി ബാങ്കുകളുടെ എസ്.ബി.ഐ. ലയനംകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ലെന്നായിരുന്നു കാച്ച്. സംഗതി കാറ്റ് പിടിച്ചു. ചെയര്‍പേഴ്‌സണെ ധനമന്ത്രി പരിവാര സമേതമെത്തി യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയത്രെ. കൃത്യം രണ്ടാഴ്ച ചെയര്‍പേഴ്‌സണ്‍ മലക്കം മറിഞ്ഞു. ലയനം നടന്നു, എസ്.ബി.ഐ.വലിയ ബാങ്കായി.ദോഷം പറയരുതല്ലൊ? ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ, അത് കിട്ടി. 2016 ഒക്ടോബര്‍ 6ന് കാലാവധിയാകേണ്ട ചെയര്‍പേഴ്‌സണ്‍ സ്ഥാനം 2017 ഒക്ടോബര്‍ 6 വരെ നീട്ടി. അവിടെയും നിന്നില്ല. അത് കഴിഞ്ഞുള്ള കാര്യവും ഭദ്രമാക്കണ്ടെ. പിന്നെ പലതും വേഗതയില്‍ നടന്നു. മണ്ണും വിണ്ണും സമുദ്രവും എല്ലാമെല്ലാം വീതം വച്ച് കൈക്കലാക്കുന്ന രാജ്യത്തെ മുതലാളിമാരില്‍ വമ്പന്‍, അംബാനി മുതലാളിയുടെ ജിയോ പേയ്‌മെന്റ് ബാങ്കില്‍ 30% ഓഹരി കൂടി എടുക്കണമെന്ന കേന്ദ്ര ഭരണാധികാരികളുടെ നിര്‍ദ്ദേശവും ശിരസാവഹിക്കപ്പെട്ടു. പണ്ടത്തെ ഒരു കവി വാചകമുണ്ടല്ലൊ 'വാര്‍ദ്ധക്യമെന്നൊരുവന്‍ കടലുണ്ട് മുന്നിലെന്ന്.'' അതായിരുന്നു മനസ്സില്‍. അത് ശരിയായി. ഏറ്റവും വലിയ പൊതു മേഖലാ ബാങ്കിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നിന്ന് താഴെ ഇറങ്ങിയതും കിട്ടി പുതിയ സ്ഥാനം. ലോകത്തെ തന്നെ ഏറ്റവും വലിയ മുതലാളിയുടെ, റിലയന്‍സ് ഇന്‍സസ്ട്രീസില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശ്രീമതി ഭട്ടാചാര്യ നിയോഗിക്കപ്പെട്ടു.

രാജ പാതയില്‍ രജനീഷ് കുമാറും.

SBl യിലെ ഇപ്പോഴത്തെ മേധാവി, ശ്രീ.രജനീഷ് കുമാര്‍. 2017 ഒക്ടോബര്‍ 7 നാണ് ചുമതലയേറ്റത്. പ്രായം അറുപതിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുതിയ പതവിയിലേക്കുള്ള സ്ഥാനാരോഹണം. ഇനി കഷ്ടി രണ്ട് മാസക്കാലാവധി കൂടിയേ ബാക്കിയുള്ളു. അത് കൊണ്ട് തന്നെ ഉടനെ ഉടയവരുടെ ഇഷ്ട പുസ്തകത്തിലിടം നേടണം. അതിനെന്തു വഴി? അതായിരുന്നു ചിന്ത. അതുകൊണ്ട് ആദ്യം ഒരു പ്രസ്താവന ഇറക്കി.മറ്റൊന്നുമല്ല, ബാങ്കിടപാടുകളില്‍ 9% മാത്രമാണ് ഇപ്പോള്‍ ശാഖകളിലൂടെ നേരിട്ട് നടക്കുന്നുള്ളൂ, ബാക്കി 91% വും ഡിജിറ്റല്‍ ഇടപാടുകളെന്ന്. ഡിജിറ്റലിനായി ജനങ്ങളുടെ കൈയിലിരുന്ന കറന്‍സി പോലും ഒറ്റയടിക്ക് പീറ പേപ്പറാക്കി മാറ്റിയവരാണല്ലൊ ഭരണക്കാര്‍. അവര്‍ക്ക് ഒരാവേശമുണ്ടാക്കാനായിരുന്നു തട്ട്. മറ്റൊന്ന് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളെയും തന്റെ മുന്‍ഗാമിയുടെ ഇപ്പോഴത്തെ മേലാളന്‍മാരെയും അവരുടെയൊക്കെ ചെറു ബാങ്കുകളെയും പ്രോല്‍സാഹിപ്പിക്കുക, അതൊക്കെയായിരുന്നു ലക്ഷ്യം. സംഗതി എത്തേണ്ടിടത്തൊക്കെ വേണ്ട രീതിയിലെത്തി. എന്നിട്ടും എന്തോ ഒരു കുറവ്. ഉടനെ കൊടുത്തു അടുത്ത തട്ട് .പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ചാലും സമ്പദ് മേഖലക്ക് ഒരു കുഴപ്പവും വരില്ല പോലും. മാത്രമല്ല സമ്പദ് മേഖലക്ക് അത് ഒരു പുത്തനുര്‍വേകുകയേയുള്ളൂ പോലും. 1980 ല്‍ SBl എന്ന പൊതുമേഖലാ ബാങ്കില്‍ ഔദ്യോഗിക ജീവിതം തുടങ്ങി,പൊതു മേഖലയുടെ തണലില്‍ വളര്‍ന്നു വലുതായി, ഇപ്പോഴും പൊതുമേഖലയുടെ എല്ലാ സൗകര്യവും പറ്റി പിരിഞ്ഞു പോകാറായപ്പോള്‍, പൊതുമേഖലയല്ല പോലും നല്ലത്. യജമാനന്‍മാരുടെ കാലു നക്കിയാല്‍ മുഖ്യമന്ത്രി പദം പോലും കിട്ടുമെന്ന കാലമാണ്. നോട്ടമതാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഉടനെതന്നെ ദേശ സ്‌നേഹം ഒന്നുകൂടി വ്യക്തമാക്കി ഇരിക്കുന്ന കസേര വിട്ടൊഴിയുന്നതല്ലെ ചെയര്‍മാനേ നല്ലത്. അതല്ല രണ്ട് മാസത്തിനിടക്ക് ജിയോ മുതലാളിക്ക് ബാങ്കിനെ തന്നെ കൈമാറാനാണോ അണിയറയിലെ ശ്രമമെന്നതും പറയുക വയ്യ.

രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് ഇപ്പം കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളിയാണെന്നാണ് സംസാരം. തെളിമയാര്‍ന്ന വാര്‍ത്തകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നമ്മുടെ മാധ്യമ മുതലാളിമാരാരും സാധാരണക്കാരന്റെ ജീവിത സമ്പാദ്യം കുത്തിച്ചോര്‍ത്തിക്കൊണ്ടു പോകുന്നതിന് തയ്യാറെടുത്ത് നില്‍ക്കുന്ന സംഭവങ്ങളോ അതിന് ചൂട്ടു പിടിക്കുന്ന രജനീഷുമാരുടെ ചെയ്തികളോ ഭരണഘടനക്കു പോലും ആപ്പുവക്കുന്ന യോനോ ആപ്പുകളെയോ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എസ് എസ് അനില്‍

Next Story

RELATED STORIES

Share it