Sub Lead

റഷ്യയുടെ ഒരു ലെഫ്റ്റനന്റ് ജനറല്‍ കൂടി യുക്രെയ്‌നില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

റഷ്യയുടെ ഒരു ലെഫ്റ്റനന്റ് ജനറല്‍ കൂടി യുക്രെയ്‌നില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
X

കീവ്: യുക്രെയ്‌നിലെ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യത്തിലെ ഒരു ഉന്നത സൈനിക കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതോടെ യുദ്ധത്തിന് പിന്നാലെ കൊല്ലപ്പെടുന്ന റഷ്യന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം ഉയരുകയാണ്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ റഷ്യന്‍ ജനറലാണ് യാക്കോവ് റെസന്റെവ്. കൂടാതെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ലെഫ്റ്റനന്റ് ജനറലും. തുടര്‍ച്ചയായുള്ള തിരിച്ചടികളില്‍ റഷ്യന്‍ സൈനികരുടെ മനോവീര്യം തകര്‍ന്നതിനെത്തുടര്‍ന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥനായ യാക്കോവ് യുദ്ധമുഖത്തേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

യുക്രെയ്ന്‍ സേന ചോര്‍ത്തിയ റഷ്യന്‍ സൈനികരുടെ സംഭാഷണങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഈ സംഭാഷണത്തില്‍ ഒരു റഷ്യന്‍ സൈനികന്‍ പരാതിപ്പെടുന്നത് കേള്‍ക്കാം. റഷ്യന്‍ അധിനിവേശം തുടങ്ങി നാല് ദിവസത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് യാക്കോവ് ഉറപ്പുനല്‍കിയിരുന്നെന്നാണ് ഒരു സൈനികന്‍ പറയുന്നത്. ഖേര്‍സണ് സമീപമുള്ള എയര്‍ബേസില്‍ വച്ചാണ് യാക്കോവ് കൊല്ലപ്പെടുന്നത്. എന്നാല്‍, മരണം സംബന്ധിച്ച റിപോര്‍ട്ട് റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

കടുത്ത പ്രതിരോധം നേരിടുന്ന റഷ്യന്‍ സൈന്യത്തിന് ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഒരു മാസത്തിനുള്ളില്‍ ഒരു പ്രധാന നഗരവും പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ 1,351 സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. 3,835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണയായ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ യുദ്ധമുഖത്തിന്റെ ഇത്ര അടുത്തെത്താറില്ല. യുക്രെയ്ന്‍ സേനയുടെ അപ്രതീക്ഷിത പ്രതിരോധം, നിരന്തരം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്, പ്രതീക്ഷിച്ച സമയത്തിനപ്പുറത്തേക്ക് യുദ്ധം നീണ്ടുപോവുന്നത് തുടങ്ങിയ ഘടകങ്ങളാണ് റഷ്യന്‍ സൈന്യത്തെ ബാധിക്കുന്നതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.

റഷ്യയുടെ ദക്ഷിണ സൈനിക ഡിസ്ട്രിക്ടിലെ 49ാമത് സംയോജിത ആയുധസേനയുടെ കമാന്‍ഡറാണ് ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ്. ഒരുമാസം പിന്നിട്ട അധിനിവേശത്തിന്റെ കനത്ത നഷ്ടവും തന്ത്രപരമായ പരാജയങ്ങളും കാരണം റഷ്യന്‍ ആര്‍മി കമാന്‍ഡര്‍ ജനറല്‍ വ്‌ളൈസ്ലാവ് യെര്‍ഷോവിനെ ക്രെംലിന്‍ പുറത്താക്കിയതായും റിപോര്‍ട്ടുണ്ട്. റഷ്യയുടെ ആറാമത്തെ സംയോജിത ആയുധസേനയുടെ കമാന്‍ഡറായിരുന്നു ഇദ്ദേഹം. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ യുക്രെയ്‌നില്‍ വിന്യസിച്ചിട്ടുള്ള സ്‌പെഷ്യല്‍ ചെച്ന്‍ ഫോഴ്‌സിന്റെ ജനറല്‍ മഗോമെദ് തുഷേവും കൊല്ലപ്പെട്ട ഏഴുപേരില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it