Big stories

തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചു

തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 50 സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്. നേരത്തെ റൂട്ട് മാര്‍ച്ച് നടത്തുന്നതിന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി പോലിസിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍, തിരുവള്ളൂര്‍ പോലിസ് ആദ്യം മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരേ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പോലിസ് മേധാവി, തിരുവള്ളൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരേ ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു.

കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി ശൈലേന്ദ്ര ബാബു, ലോക്കല്‍ എസ്പി, ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്. പോലിസിന്റെ നടപടി കോടതി അലക്ഷ്യമാണെന്നാണ് ആര്‍എസ്എസിന്റെ വാദം. മാര്‍ച്ചിന് സുരക്ഷയൊരുക്കുകയാണ് പോലിസിന്റെ ചുമതലയെന്നും നോട്ടീസില്‍ ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരയന്റെ സപ്തംബര്‍ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേര്‍ക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആര്‍എസ്എസ് അഭിഭാഷകന്‍ ബി രാബു മനോഹര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെതിരേ വിടുതലൈ ചിരുതൈ മക്കള്‍ കക്ഷിയും ഇടതുപാര്‍ട്ടികളും ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റാലി നിരോധിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it