Sub Lead

പാലക്കാട് മുസ്‌ലിംകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; കലാപത്തിന് ശ്രമിച്ചവരെ പോലിസ് സംരക്ഷിക്കുന്നതായി എസ്ഡിപിഐ

എലപ്പുള്ളിയില്‍ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ച് മുസ്‌ലിമാണെന്ന് ഉറപ്പ് വരുത്തിയായിരുന്നു ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് സന്‍ജിത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പാലക്കാട് മുസ്‌ലിംകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; കലാപത്തിന് ശ്രമിച്ചവരെ പോലിസ് സംരക്ഷിക്കുന്നതായി എസ്ഡിപിഐ
X

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയ ആര്‍എസ്എസ്സുകാരെ സംരക്ഷിക്കാന്‍ പോലിസ് ശ്രമിക്കുന്നതായി എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ആരോപിച്ചു. സംഘപരിവാര്‍ ക്രിമിനലുകള്‍ക്ക് നേതൃത്വം കൊടുത്ത ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് സന്‍ജിത്തിനെതിരെ നിസാര വകുപ്പുകള്‍ ചാര്‍ത്തി രക്ഷപെടുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 307, 308 തുടങ്ങിയ അനിവാര്യമായ വകുപ്പുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒഴിവാക്കിയ പോലിസ് സന്‍ജിത്തിനെതിരേ 153 എ വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. വീടുകളില്‍ കയറി അതിക്രമം നടത്തിയതിന് പ്രത്യേക വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലായെന്നാണ് മനസ്സിലാവുന്നത്.

സന്‍ജിത്തിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം ക്രൂരമായി പരിക്കേല്‍പ്പിച്ച സലീമിന്റെ അടിവയറ്റില്‍ ഇപ്പോഴും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച മുറിവുണ്ട്. തലക്കേറ്റ അടിമൂലം നാലുദിവസത്തിനു ശേഷവും തലവേദന വിട്ടുമാറിയിട്ടില്ല. കൂടെയുണ്ടായിരുന്ന മെഹ്ബൂബ് റഹ്മാനും ഗുരുതരമായ പരിക്കുണ്ട്. അത്തിക്കോട് സ്വദേശികളായ ഷാഹുലും സഹോദരനും അക്രമത്തിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും മുക്തമായിട്ടില്ല. ഈ നാലുപേരും വഴിയാത്രക്കാര്‍ മാത്രമായിരുന്നുവെന്നും പേര് ചോദിച്ച് മുസ്‌ലിമാണെന്ന് ഉറപ്പു വരുത്തിയാണ് അക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അമ്പതിലധികം വരുന്ന അക്രമിസംഘത്തില്‍ നിന്നും അഞ്ച് പേരെ മാത്രമാണ് പോലിസ് പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ തന്നെ മൂന്നു പേര്‍ മൈനറാണെന്നതും കേസൊതുക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്. കൃത്യമായ ഗൂഢാലോചനാ പ്രകാരം നടന്നിട്ടുള്ള ആര്‍എസ്എസ് ക്രമിനല്‍ സംഘത്തിന്റെ അക്രമണം നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാതിരുന്നത് മഹല്ല് ഭാരവാഹികളും പൗരപ്രമുഖരും സ്വീകരിച്ച ജാഗ്രത കൊണ്ടാണ്. വര്‍ഗീയ ഭ്രാന്ത് പിടിച്ച ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കുന്ന പോലിസ് നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അധികാരികള്‍ തിരിച്ചറിയണം. അക്രമത്തിന്റെ പിറകിലുള്ള വര്‍ഗീയ അജണ്ടയും ഗൂഢാലോചനയും പുറത്ത് കൊണ്ട് വരാന്‍ പോലിസ് തയ്യാറാവണമെന്നും ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it