Sub Lead

റോഹിന്‍ഗ്യന്‍ നേതാവ് മുഹമ്മദ് മുഹിബുല്ലയെ വെടിവച്ച് കൊന്നു

രാത്രി നമസ്‌കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫിസിന് പുറത്ത് അഭയാര്‍ഥി നേതാക്കളുമായി സംസാരിക്കവെയാണ് മൂന്നംഗസംഘം മുഹിബുല്ലയ്ക്ക് നേരേ വെടിയുതിര്‍ത്തത്. അഞ്ചുതവണയാണ് മുഹിബുല്ലയ്ക്ക് നേരേ നിറയൊഴിച്ചത്. ഇതില്‍ മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തറച്ചു.

റോഹിന്‍ഗ്യന്‍ നേതാവ് മുഹമ്മദ് മുഹിബുല്ലയെ വെടിവച്ച് കൊന്നു
X

മ്യാന്‍മര്‍: റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവച്ചുകൊന്നു. ബംഗ്ലാദേശ് കോക്‌സ് ബസാറില്‍ ഉഖിയയിലെ അഭയാര്‍ഥി ക്യാംപിലാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മുഹിബുല്ല കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രാത്രി നമസ്‌കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫിസിന് പുറത്ത് അഭയാര്‍ഥി നേതാക്കളുമായി സംസാരിക്കവെയാണ് മൂന്നംഗസംഘം മുഹിബുല്ലയ്ക്ക് നേരേ വെടിയുതിര്‍ത്തത്. അഞ്ചുതവണയാണ് മുഹിബുല്ലയ്ക്ക് നേരേ നിറയൊഴിച്ചത്. ഇതില്‍ മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തറച്ചു.

ഉടന്‍തന്നെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വെടിയേറ്റപ്പോള്‍ ആദ്യം മുഹിബുല്ലയെ പ്രദേശത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ പിന്നീട് കോക്‌സ് ബസാര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു- ചട്ടോഗ്രാം റേഞ്ച് പോലിസിലെ അഡീഷനല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) അറിയിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. അരകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മിയാണ് മുഹിബുല്ലയെ വധിച്ചതെന്ന് റോഹിന്‍ഗ്യന്‍ നേതാവ് എഎഫ്പിയോട് പറഞ്ഞു. ക്യാംപിനുള്ളില്‍ നിയമപാലകരുണ്ടായിട്ടും കുറ്റവാളികള്‍ എങ്ങനെ അകത്തുകടന്ന് മുഹിബുല്ലയെ വെടിവച്ചിട്ട് ഓടിപ്പോയി എന്നതിനെക്കുറിച്ച് ക്യാംപുകളിലെ താമസക്കാര്‍ ചോദ്യം ചെയ്തു.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പ്രമുഖ സംഘടനകളിലൊന്നായ അരകന്‍ റോഹിന്‍ഗ്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ (എആര്‍എസ്പിഎച്ച്) ചെയര്‍മാനായിരുന്നു മുഹിബുല്ല. അധ്യാപകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യോഗങ്ങളില്‍ അഭയാര്‍ഥികളുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷാ സേനയുടെ പീഡനം ഭയന്ന് മ്യാന്‍മറില്‍നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യകളെ ഒരുമിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

2019ല്‍ വൈറ്റ്ഹൗസ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഡനങ്ങള്‍ വിശദീകരിച്ചു. മുഹിബുല്ലയുടെ വധത്തിന് പിന്നാലെ ബംഗ്ലാദേശിലെ 34 റോഹിന്‍ഗ്യന്‍ ക്യാംപുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലിസ് വക്താവ് റഫീഖുല്‍ ഇസ്‌ലാം അറിയിച്ചു. ക്യാംപുകളിലെ രോഹിന്‍ഗ്യകള്‍ കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലുടനീളം പോലിസും പ്രാദേശിക ഭരണകൂടവും ജാഗ്രതാ നിര്‍ദേശവും നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി കേന്ദ്രമായ കുതുപലോങ് ക്യാംപിനുള്ളിലെ എആര്‍എസ്പിഎച്ച് ഓഫിസില്‍ റോഹിന്‍ഗ്യന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 7,40,000 അഭയാര്‍ഥികളാണ് ഈ ക്യാംപില്‍ കഴിയുന്നത്. ക്യാംപുകളിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കൊപ്പം മുഹിബുല്ലയുടെ കൊലപാതകവും ബംഗ്ലാദേശ് അധികൃതര്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it