Sub Lead

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്
X

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇന്ധനക്കൊള്ളയ്‌ക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു. വരുന്ന മാര്‍ച്ച് 31ന് വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 7 വരെ രാജ്യത്ത് ഉടനീളം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സമരപരിപാടികള്‍ക്ക് 'മെഹംഗായി മുക്ത് ഭാരത് അഭിയാന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. മാര്‍ച്ച് 31ന് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇന്ധന വിലവര്‍ധനക്കെതിരേ വരുന്ന വ്യാഴാഴ്ച വീടുകള്‍ കേന്ദ്രീകരിച്ചും പൊതുവിടങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാല ചാര്‍ത്തി പ്രതിഷേധിക്കും. ചെണ്ട കൊട്ടിയും മണികള്‍ മുഴക്കിയും പ്രതിഷേധങ്ങളില്‍ അണിചേരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാര്‍ നാണംകെട്ട് പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ ബിജെപി സര്‍ക്കാര്‍ എട്ടുവര്‍ഷം കൊണ്ട് 26 ലക്ഷം കോടി രൂപ സമ്പാദിച്ചു.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനൊപ്പം പാചകവാതക വിലയും വര്‍ധിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിലക്കയറ്റ മുക്ത ഭാരതം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളെ മോദി വഞ്ചിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദി അധികാരത്തിലേറിയതുമുതല്‍ രാജ്യം പുറകോട്ടാണ് പോവുന്നത്. പാചക വാതകത്തിനുള്ള സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ സൗജന്യ എല്‍പിജി സിലിണ്ടര്‍ വിതരണവും നിര്‍ത്തിവച്ചു.

മധ്യവര്‍ഗങ്ങളെ പരിഹസിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. 'രാജാവ് കൊട്ടാരത്തിനായി തയ്യാറെടുക്കുകയാണെന്നും പ്രജകള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ച പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 3.20 രൂപ കൂടിയതായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് 4 മാസം ഇന്ധനവില സ്ഥിരമായി നിലനിര്‍ത്തി. ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് തവണ വര്‍ധിപ്പിച്ചു. പൊതുജനങ്ങളോടുള്ള ഈ നാണംകെട്ട കൊള്ള അവസാനിപ്പിക്കണം- അവര്‍ ട്വീറ്റ് ചെയ്തു. അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ പാര്‍ട്ടി മെംബര്‍ഷിപ്പ് വിതരണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഭാരവാഹികള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സംഘനാ തിരഞ്ഞെടുപ്പ് നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

Next Story

RELATED STORIES

Share it