Top

പ്രവാസികളുടെ തിരിച്ചുവരവ്: സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് മുഖ്യമന്ത്രി

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികളുടെ തിരിച്ചുവരവ്: സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ യോഗം ഇന്ന് ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വിമാനത്താവളം കേന്ദ്രീകരിച്ചും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാകും.വിമാനത്താവളത്തില്‍ വിപുലമായ പരിശോധനയ്ക്ക് സംവിധാനം ഉണ്ടാകും. വൈദ്യപരിശോധനക്ക് അടക്കം സൗകര്യമുണ്ടാകും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. ഇതിന് വേണ്ടത്ര കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്തുന്നതിന് പോലിസിന്റെ സഹായമുണ്ടാകും. ഇതിനു പുറമെ ഓരോ വിമാനത്താവളത്തിന്റെ പരിധിയില്‍ വരുന്ന ജില്ലകളുടെയും മേല്‍നോട്ടത്തിന് ഓരോ ഡിഐജിമാരെ നിയോഗിക്കും.

രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും വിമാനത്താവളത്തില്‍ നിന്ന് അവരെ വീടുകളിലേക്ക് അയക്കുന്നത്. നേരെ വീടുകളില്‍ എത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യ പരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഒരോ പഞ്ചായത്തിലും ഇതിനാവശ്യമായ സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിവ ഏര്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകള്‍ കൃത്യമായ ഇടവേളകളില്‍ ഇവരെ വീടുകളില്‍ സന്ദര്‍ശിക്കും.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സ്വന്തം ആരോഗ്യ നിലയെക്കുറിച്ച് അന്നന്ന് മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമം വഴിയോ ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. എന്തെങ്കിലും കാരണവശാല്‍ അത് ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരം ശേഖരിക്കും. വീടുകളില്‍ ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് വാര്‍ഡ്തല സമിതികള്‍ക്ക് ചുമതല നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും ഇതില്‍ പങ്കാളികളാകണം.

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയാം. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍തന്നെ ക്വാറന്റൈ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവരുടെ ലഗേജ് വിമാനത്താവളത്തില്‍ നിന്ന് എടുത്ത് വീടുകളില്‍ എത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും.

ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയര്‍പോര്‍ട്‌സ് അതോറിറ്റിയും പ്രതിനിധികളുള്ള കണ്‍ടോള്‍ റൂം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമീകണത്തിന്റെ ചുമതല അതത് കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും ആയിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രധാന ഉദ്യോഗസ്ഥനും ഇതിലുണ്ടാകും.

പ്രവാസികളെ താമസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം ആവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അതുപോലെ ആശുപത്രികളും ഇപ്പോള്‍ തന്നെ സജ്ജമാണ്. സമുദ്രമാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അത് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കേണ്ടതാണ്. കപ്പല്‍ വഴി പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുകയാണെങ്കില്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും സജ്ജീകരണം ഏര്‍പ്പെടുത്തും.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന 2.76 ലക്ഷത്തിലധികം പേര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 150ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവര ശേഖരണം സംബന്ധിച്ച ചുമതല നോര്‍ക്കക്കാണ്.

Next Story

RELATED STORIES

Share it