Sub Lead

സംവരണം: സുപ്രിംകോടതി വിധി അന്യായവും നിരാശാജനകവും-എസ്ഡിപിഐ

സംവരണം: സുപ്രിംകോടതി വിധി അന്യായവും നിരാശാജനകവും-എസ്ഡിപിഐ
X

ന്യൂഡല്‍ഹി: സാമൂഹികവും വിദ്യാഭാസപരവുമായി പിന്നാക്കമായ വിഭാഗങ്ങള്‍ക്കായുള്ള നിലവിലെ സംവരണ സംവിധാനത്തെ അപായപ്പെടുത്തുന്ന മറാത്ത സംവരണം സംബന്ധമായ സുപ്രിം കോടതിയുടെ ഏറ്റവും പുതിയ വിധി അന്യായവും നിരാശാജനകവുമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു. മറാത്താ സംവരണ നിയമം റദ്ദ് ചെയ്തതോടൊപ്പം സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നുമുള്ള ഉത്തരവ് സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയും നല്‍കുന്നതല്ല. കേവലം നിരുപദ്രവകരമായ ഒരഭിപ്രായ പ്രകടനത്തിലുപരി സാമൂഹികമായും വിദ്യാഭാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശത്തിനു മേല്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്നതാണ്. ഹരജിയില്‍ വാദം നടക്കവേ 'സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ സവരണങ്ങളും അവസാനിച്ചേക്കാം' എന്ന ബെഞ്ചിന്റെ നിരീക്ഷണം നിലവിലെ ജാതി അധിഷ്ടിത സംവരണം അവസാനിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് നല്‍കിയ പരോക്ഷ നിര്‍ദേശമായാണു തോന്നുന്നത്.

50 ശതമാന പരിധി മാറ്റുകയെന്നത് തുല്യതയിലല്ലാതെ ജാതീയ ചട്ടങ്ങളില്‍പടുത്ത ഒരു സമൂഹത്തെ നിര്‍മിക്കലായിരിക്കുമെന്ന ബെഞ്ചിന്റെ അഭിപ്രായം സാമൂഹിക പിന്നാക്കത്തിന്റെ പേരില്‍ പിന്നാക്ക, പട്ടികവര്‍ഗ-പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന്റെ നിഷേധത്തിന് കാരണമാവും.

ദേശീയ പിന്നാക്ക സമുദായ കമ്മീഷന്‍ സ്ഥാപിക്കാന്‍ കാരണമായ ഭരണഘടനയുടെ 102ാം ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കൊണ്ട് ആ ഭേദഗതി സുപ്രിം കോടതി ശരിവച്ചു. 102ാം ഭരണഘടനാ ഭേദഗതിയെ ത്തുടര്‍ന്ന്, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്നാണ് കോടതി വിധിച്ചത്. പിന്നാക്ക സമുദായങ്ങളെ നിര്‍ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം 102ാം ഭേദഗതി എടുത്തുകളഞ്ഞതിന് സുപ്രിം കോടതി ഇപ്പോള്‍ സാധുത നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ചില സംസ്ഥാനങ്ങളിലെ പിന്നാക്കക്കാരായ സമുദായങ്ങള്‍ വേറെ ചില സംസ്ഥാനങ്ങളില്‍ മുന്നാക്കക്കാരായിരിക്കും. അതുപോലെ തിരിച്ചും. അതുകൊണ്ട് തന്നെ അതാത് സംസ്ഥാനങ്ങള്‍ക്കാണ് അവിടങ്ങളിലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുക. ഈ ഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് മേലുള്ള കടന്നുകയറ്റവും സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശത്തിന്റെ നിഷേധവുമാണ്. ഇത് ന്യൂനപക്ഷ സമുദായത്തിന് നേരെ ദുരുപയോഗം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുകയും ചെയ്യും.

സുപ്രിംകോടതിയുടെ ഈ വിധി സംവരണ സമുദായങ്ങള്‍ക്ക് ഹാനികരമായതിനാല്‍, സംവരണ സംവിധാനത്തിന്റെ ഭാവിക്ക് ഭീഷണിയുയര്‍ത്തുന്ന ഈ നടപടി മറികടക്കാനുള്ള പോംവഴികളെക്കുറിച്ച് അര്‍ഹരായ പിന്നാക്ക സമുദായങ്ങളും അവരുടെ സംഘടനകളും കൂട്ടായി ആലോചിക്കണമെന്ന് എം കെ ഫൈസി ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കത്തിന് എസ്ഡിപിഐ മുന്‍കൈയ്യെടുക്കാന്‍ തയ്യാറാണെന്നും എം കെ ഫൈസി പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it