Sub Lead

മസ്ജിദുല്‍ അഖ്‌സയിലെ തീവയ്പിന് 51 വയസ്സ്; നീതി ലഭിക്കാതെ ഇസ്‌ലാമിക സമൂഹം

സയണിസ്റ്റ് സൈന്യത്തിന്റെ ഒത്താശയോടെ 1969 ആഗസ്ത് 21 നായിരുന്നു ആസ്‌ത്രേലിയക്കാരനായ ഡെന്നിസ് മൈക്കല്‍ രോഹന്‍ അല്‍ അഖ്‌സ മസ്ജിദില്‍ തീവയ്പ് നടത്തിയത്. ഏതാണ്ട് 51 വര്‍ഷത്തിനു ശേഷവും അല്‍അക്‌സയിലെ ഹറം ശരീഫ് എന്നത്തേയും പോലെ ഇപ്പോഴും ഭീഷണിയിലാണ്.

മസ്ജിദുല്‍ അഖ്‌സയിലെ തീവയ്പിന് 51 വയസ്സ്; നീതി ലഭിക്കാതെ ഇസ്‌ലാമിക സമൂഹം
X

ജറുസലേം: അധിനിവിഷ്ട ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ക്രൈസ്തവ മതവെറിയനായ യുവാവ് തീവയ്പ് നടത്തി ലോകത്തെ ഞെട്ടിച്ച സംഭവത്തിന് ഇന്നേക്ക് 51 വര്‍ഷം. സയണിസ്റ്റ് സൈന്യത്തിന്റെ ഒത്താശയോടെ 1969 ആഗസ്ത് 21 നായിരുന്നു ആസ്‌ത്രേലിയക്കാരനായ ഡെന്നിസ് മൈക്കല്‍ രോഹന്‍ അല്‍ അഖ്‌സ മസ്ജിദില്‍ തീവയ്പ് നടത്തിയത്. ഏതാണ്ട് 51 വര്‍ഷത്തിനു ശേഷവും അല്‍അക്‌സയിലെ ഹറം ശരീഫ് എന്നത്തേയും പോലെ ഇപ്പോഴും ഭീഷണിയിലാണ്.

അതൊരു വ്യാഴാഴ്ച ദിവസമായിരുന്നു. അപായ സൈറണ്‍ മുഴങ്ങിയ ആ പുലര്‍കാലത്ത് പള്ളിയുടെ തെക്ക് -കിഴക്ക് ഭാഗത്തുനിന്ന് പുക പടലം മാനംമുട്ടെ ഉയരുന്നതാണ് ഫലസ്തീന്‍ കാവല്‍ക്കാര്‍ കണ്ടത്. സൂക്ഷ്മ പരിശോധനയില്‍ പ്രാര്‍ഥനാ ഹാളിനകത്ത് തീവയ്പ് നടന്നതായും കണ്ടെത്തി.

തീയണക്കാന്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ പള്ളിയിലേക്ക് കുതിച്ചെത്തിയെങ്കിലും ഇസ്രായേല്‍ അധിനിവേശ സേന അവരെ അകത്തേക്ക് വിടാതെ തടഞ്ഞു. കടുത്ത വാഗ്വാദങ്ങള്‍ക്കും കയ്യാങ്കളിക്കും ശേഷം അവര്‍ ഹറം ശരീഫിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാവട്ടെ അഗ്‌നിശമന ഉപകരണങ്ങളൊക്കെ പ്രവര്‍ത്തനം നിലച്ച നിലയിലും ജല വിതരണ സ്രോതസ്സുകളും പമ്പുകള്‍ തകര്‍പ്പെട്ട നിലയിലും ഹോസുകള്‍ അറുത്തുമാറ്റപ്പെട്ട നിലയിലുമായിരുന്നു.

തുടര്‍ന്ന് ഒരു മനുഷ്യ ശൃംഖല രൂപപ്പെടുത്തി ബക്കറ്റുകളും ചെറിയ പാത്രങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് വെള്ളം എത്തിച്ച് തീ അണയ്ക്കാന്‍ ആരംഭിച്ചത്. വെസ്റ്റ് ബാങ്കിലെ സമീപ നഗരങ്ങളായ നബുലസ്, റാമല്ല, അല്‍ബിറെ, ബെത്‌ലഹേം, ഹെബ്രോണ്‍, ജെനിന്‍, തുള്‍ക്കരീം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തിയെങ്കിലും ഇസ്രായേല്‍ അധിനിവേശ സേന അവരെയും തടഞ്ഞു. ഇത് കൈകാര്യം ചെയ്യേണ്ടത് ജറുസലേം മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് അവകാശപ്പെട്ടായിരുന്നു ഇവരെ തടഞ്ഞത്.

അഗ്നി മണിക്കൂറുകളോളം താണ്ഡവമാടി. താഴികക്കുടത്തിന് തൊട്ടുതാഴെയുള്ള ജാലകങ്ങളില്‍ വരെ തീ പടര്‍ന്നു. നിരവധി പേര്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുക ശമിച്ചതോടെയാണ് നാശത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. മോസ്‌കിന്റെ പൗരാണിക ഭാഗങ്ങള്‍ ഏറെക്കുറെ തീ വിഴുങ്ങിയിരുന്നു. പ്രത്യേകിച്ചും 900 വര്‍ഷം പഴക്കമുള്ള മരവുരികളും സലാഹുദ്ദീന്‍ അയ്യൂബി സമ്മാനിച്ച ആനക്കൊമ്പുകളും ചുമരിലും മേല്‍ക്കൂരയിലുമുള്ള മൊസൈക് പാനലുകളും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കപ്പെട്ടു.

പള്ളിക്കകത്തെ പല സ്ഥലങ്ങളും കരിക്കട്ടപോലെ നിറംമാറി. തീവയ്പ് വാര്‍ത്തകള്‍ പ്രചരിച്ചതോടെ നഗരത്തിലുടനീളം വന്‍ പ്രതിഷധമാണ് അരങ്ങേറിയത്. അധിനിവിഷ്ട ജറുസലേം നിശ്ചലമായി. വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ പ്രദേശങ്ങളില്‍ പോലും ഇതിന്റെ ചുവട് പിടിച്ച് പണിമുടക്ക് നടന്നു. പള്ളിയിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളും തടസ്സപ്പെടുത്തി അടുത്ത ദിവസത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയാണ് ഇസ്രായേല്‍ സൈന്യം ഇതിന് പ്രതികാരം വീട്ടിയത്.

ക്രൈസ്തവ മതവെറിയനായ പ്രതി പിടിയില്‍

തീവയ്പിന്റെ രണ്ടാംദിനമായ ആഗസ്ത് 23നാണ് സംഭവവുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ സഞ്ചാരിയായ ഡെന്നിസ് മൈക്കല്‍ രോഹന്‍ അറസ്റ്റിലായത്. കൃത്യത്തിനുള്ള ഇയാളുടെ പ്രേരണ വിചിത്രമായിരുന്നു.

'കര്‍ത്താവിന്റെ ദൂതന്‍' എന്ന നിലയില്‍, യേശുക്രിസ്തുവിന്റെ രണ്ടാം വരവ് വേഗത്തിലാക്കാന്‍ രോഹന്‍ ആഗ്രഹിച്ചു. സോളമന്റെ ക്ഷേത്രംനിലനിന്നിരുന്ന സ്ഥലത്തെ അല്‍ അക്‌സാ പള്ളിക്ക് പകരം അവിടെ ക്ഷേത്രം പണിയാന്‍ യഹൂദന്മാരെ അനുവദിച്ചുകൊണ്ട് മാത്രമേ ക്രിസ്തുവിന്റെ രണ്ടാം വരവ് സാധ്യമാവു എന്നായിരുന്നു ഇയാളുടെ കാഴ്ചപ്പാട്. തുടര്‍ന്ന് രോഹനെ ഭ്രാന്തനാണെന്ന് പ്രഖ്യാപിക്കുകയും ഒരു മാനസികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ കുറ്റവാളിയാണെന്ന മുസ്‌ലിംകളുടെ നിലപാട് നിരാകരിച്ച് കൊണ്ടായിരുന്നു ഈ നടപടി. തുടര്‍ന്ന് ആഗസ്ത് 28ന് ജോര്‍ദാന്റെ യുഎന്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ ഫറയുടെ നേതൃത്വത്തില്‍ 24 മുസ്‌ലിം രാജ്യങ്ങള്‍ യുഎന്‍ രക്ഷാ സമിതിക്ക് പരാതി നല്‍കി.

'ഇസ്രായേലി വൃത്തങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ പ്രകാരം, ആസ്‌ത്രേലിയക്കാരനായ പ്രതി ഇസ്രായേലിന്റെ സുഹൃത്താണ്, ഇസ്രായേലിനായി ജോലി ചെയ്യാന്‍ ജൂത ഏജന്‍സിയാണ് ഇയാളെ കൊണ്ടുവന്നത്്. പ്രതിയെ ഏതാനും മാസങ്ങള്‍ കിബ്ബറ്റ്‌സില്‍ ജോലിചെയ്യാന്‍ ഏര്‍പ്പാട് ചെയ്ത് ഇയാള്‍ക്ക് ഹീബ്രു ഭാഷ പഠിക്കാനും കൂടുതല്‍ സയണിസ്റ്റ് അധ്യാപനങ്ങള്‍ കരഗതമാക്കാനും ഇയാളെ സഹായിച്ചു.കിബ്ബറ്റ്‌സിലെ ഈ ഓസ്‌ട്രേലിയക്കാരന്റെ ജീവിതവും സോളമന്റെ ക്ഷേത്രം പണിയാനുള്ള അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും സംശയാസ്പദമാണെന്നും ആരാണ് കുറ്റവാളി, ആരാണ് പങ്കാളി എന്നതിനെക്കുറിച്ചും ഇത് വെളിച്ചം വീശുന്നുണ്ടെന്നും മുഹമ്മദ് അല്‍ ഫറ രക്ഷാ സമിതിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.അല്‍അക്‌സാ പള്ളിയുടെ സ്ഥലത്ത് സോളമന്‍ ക്ഷേത്രം സ്ഥാപിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ നിരവധി പ്രസ്താവനകള്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.

1967 ലെ യുദ്ധത്തിനുശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ നടത്തിവരുന്ന അതിക്രമങ്ങളും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അക്രമത്തെ അലപിച്ച യുഎന്‍ ജറുസലേമിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, യുഎന്നിന്റെ എന്നത്തേയും പ്രമേയങ്ങളെ പോലെ ഈ പ്രമേയവും ഇസ്രായേല്‍ അവഗണിക്കുകയായിരുന്നു.

അല്‍ അഖ്‌സയിലെ ആ തീവയ്പ് ലോക മുസ്‌ലിം സമൂഹത്തിന്റെ മനസ്സിനെ ഇപ്പോഴും പൊള്ളിക്കുകയാണ്. 51ാം വാര്‍ഷികത്തോടനുബന്ധിച്ച് സേവ് അല്‍ അഖ്‌സ, അല്‍അഖ്‌സ51 എന്നീ ഹാഷ് ടാഗുകളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക കാംപയിനാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it