Big stories

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: മുഖ്യസംഘാടകന്‍ യതി നരസിംഹാനന്ദ് അറസ്റ്റില്‍

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: മുഖ്യസംഘാടകന്‍ യതി നരസിംഹാനന്ദ് അറസ്റ്റില്‍
X

ലഖ്‌നോ: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സംഭവത്തില്‍ മുഖ്യസംഘാടകന്‍ യതി നരസിംഹാനന്ദിനെ ഉത്തരാഖണ്ഡ് പോലിസ് അറസ്റ്റുചെയ്തു. വിദ്വേഷ പ്രസംഗത്തില്‍ നടപടിയെടുക്കാത്തതില്‍ സുപ്രിംകോടതി ഇടപെടലുണ്ടായ പശ്ചാത്തലത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ വ്യക്തിയാണ് നരസിംഹാനന്ദ്. ജിതേന്ദ്രയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയില്‍ വച്ചാണ് നരസിംഹാനന്ദിനെ പോലിസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ മതം മാറിയ വസിം റിസ്‌വി എന്ന ജിതേന്ദ്ര നാരായണന്‍ ത്യാഗിയാണ് ആദ്യം അറസ്റ്റിലായത്.

ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഹിന്ദുമത പാര്‍ലമെന്റ് 'ധര്‍മ സന്‍സദ്' സംഘാടകന്‍ യതി നരസിംഹാനന്ദിനെതിരേ ഉത്തരാഖണ്ഡ് പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നത്. പോലിസ് എഫ്‌ഐആറില്‍ അഞ്ചാമത്തെ പ്രതിയാണ് യതി നരസിംഹാനന്ദ്. ഇതിന് മുമ്പും നിരവധി തവണ യതി മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ പൊതുവേദികളില്‍ നടത്തിയിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ കേസെടുത്ത പോലിസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി.

വിദ്വേഷ പ്രസംഗം നടത്തിയതിന് സമന്‍സ് അയച്ച പോലിസ് അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ടതിനാണ് ഭീഷണി ഉയര്‍ത്തിയത്. പോലിസ് തങ്ങളുടെ പക്ഷത്തുണ്ടാവണം, ഇല്ലെങ്കില്‍ എല്ലാവരും മരിക്കുമെന്നായിരുന്നു ഭീഷണി. ഈയിടെ ഹിന്ദുമതം സ്വീകരിച്ച യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസിം റിസ്വിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു യതിയുടെ പ്രതികരണം. റിസ്‌വിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും റിസ്‌വിക്കെതിരേ ചുമത്തിയ എല്ലാ കേസുകളിലും താനും പ്രതിയാണെന്നും യതി നരസിംഹാനന്ദ് പറഞ്ഞിരുന്നു. ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെയായിരുന്നു യതി നരസിംഹാനന്ദിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വസമ്മേളനം നടന്നത്.

ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനും മതകേന്ദ്രങ്ങള്‍ ആക്രമിക്കാനുമായിരുന്നു സന്‍സദില്‍ ആഹ്വാനം നടന്നത്. റിസ്‌വിക്കും നരസിംഹാനന്ദനും പുറമെ ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ എന്നിങ്ങനെ 10 ലധികം പേര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്.

കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രിംകോടതി ബുധനാഴ്ച നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഡല്‍ഹിയിലും ഹരിദ്വാറിലും സംഘടിപ്പിച്ച പരിപാടികളില്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ സ്വമേധയാ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 76 അഭിഭാഷകര്‍ അടുത്തിടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it