Big stories

സൗദിക്ക് പുറത്തുനിന്നുള്ള റീ എന്‍ട്രി വിസ പുതുക്കല്‍ ഫീസ് ഇരട്ടിയാക്കുന്നു

സൗദിക്ക് പുറത്തുനിന്നുള്ള റീ എന്‍ട്രി വിസ പുതുക്കല്‍ ഫീസ് ഇരട്ടിയാക്കുന്നു
X

ജിദ്ദ: സൗദി അറേബ്യയ്ക്ക് പുറത്തുള്ളവരുടെ റെസിഡന്‍സി, എക്‌സിറ്റ്, റീ എന്‍ട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകള്‍ ഇരട്ടിയാക്കുന്നു. പുതിയ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയതായി സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്തു. വിദേശി സൗദിയിലാണെങ്കില്‍ എക്‌സിറ്റ്, റീ എന്‍ട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് പരമാവധി രണ്ടുമാസത്തേക്കുള്ള ഒരു യാത്രയ്ക്ക് 200 റിയാലാണെന്നാണ് പുതിയ ഭേദഗതി. രണ്ട് മാസത്തില്‍ അധികമായി വരുന്ന ഒരോ മാസത്തിനും 100 റിയാല്‍ വീതവുമാണ് ഫീസ്.

എന്നാല്‍, രാജ്യത്തിന് പുറത്താണെങ്കില്‍ റീ എന്‍ട്രിയുടെ കാലാവധി നീട്ടാന്‍ ഓരോ അധികമാസത്തിനും ഇരട്ടി ഫീസ് നല്‍കേണ്ടിവരും. പ്രതിമാസ ഫീസായ 100 റിയാല്‍ 200 റിയാലാവും. മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ മൂന്നുമാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. ഇഖാമയ്ക്ക് കാലാവധിയുണ്ടെങ്കിലേ റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയൂ. ആശ്രിത വിസക്കാരുടെ റീ എന്‍ട്രി വിസകള്‍ക്കും ഇത് ബാധകമാണ്. അതേസമയം, അപേക്ഷകന്‍ രാജ്യത്തിന് പുറത്താണെങ്കില്‍, അധിക മാസത്തേക്കുള്ള ഫീസ് ഇരട്ടിയാക്കും.

വിദേശ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ആശ്രിതരുടെ ഇഖാമ പുതുക്കുന്നത് ഉള്‍ക്കൊള്ളുന്ന റെസിഡന്‍സി നിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തിന് പുറത്തുള്ള താമസസ്ഥലം പുതുക്കുന്നതിനുള്ള ഫീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി രാജ്യത്തിനുള്ളില്‍ ശേഖരിക്കുന്നതിന്റെ ഇരട്ടിയായിരിക്കും. പൗരന്‍മാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ അനുവദിക്കുന്ന റെസിഡന്‍സി, ട്രാവല്‍ ഡോക്യുമെന്റ് സംവിധാനങ്ങളിലെ ഭേദഗതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും നിയന്ത്രണങ്ങളും ആഭ്യന്തര മന്ത്രാലയം സജ്ജമാക്കുമെന്ന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

Next Story

RELATED STORIES

Share it