Sub Lead

റാന്നി എസ് ഐ ജോര്‍ജ് കുരുവിളയെ കാണാനില്ലെന്നു പരാതി

മാനസിക ദൗര്‍ബല്യമുള്ള രണ്ടു സഹോദരിമാര്‍ കുരുവിളയ്ക്കുണ്ട്. ഇവരില്‍ ഒരാള്‍ ഈയിടെ മരണപ്പെട്ടു. മറ്റൊരാള്‍ ഒപ്പമുണ്ട്. ഇവരെയെല്ലാം നോക്കാനുള്ള ബാധ്യത ഇദ്ദേഹത്തിനായിരുന്നു.

റാന്നി എസ് ഐ ജോര്‍ജ് കുരുവിളയെ കാണാനില്ലെന്നു പരാതി
X

പത്തനംതിട്ട: റാന്നി സ്‌റ്റേഷനിലെ എസ് ഐ ജോര്‍ജ് കുരുവിളയെ കാണാനില്ലെന്നു പരാതി. എസ് ഐ യുടെ പിതാവിന്റെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പോലിസ് കേസെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലെന്നാണു പരാതിയില്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൈസൂരുവില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കാണാതായത്. ഒന്നര മാസത്തിനിടെ രണ്ടു സ്ഥലംമാറ്റമുണ്ടായതിന്റെ മാനസിക സംഘര്‍ഷവും ഒപ്പം ഭാര്യ വീട്ടുകാരുടെ സമ്മര്‍ദവുമാണ് സംഭവത്തിനു പിന്നാലെന്നാണ് പോലിസ് നിഗമനം. പത്തനംതിട്ടയിലെ നിന്ന് റാന്നിയില്‍ എത്തിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളു. ഇപ്പോള്‍ ചിറ്റാറിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. റിലീവ് ചെയ്യാത്തതിന് എസ്പിയുടെ ഭീഷണിയുണ്ടായതായും ആരോപണമുണ്ട്.

ജോര്‍ജ് കുരുവിളയുടെ മൊബൈല്‍ ഫോണ്‍, വാച്ച്, പഴ്‌സ് എന്നിവ പിതാവിനെ ഏല്‍പ്പിച്ച ശേഷം ശനിയാഴ്ച ഡ്യൂട്ടിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. മടങ്ങിയാത്താതെ വന്നപ്പോഴാണ് പിതാവ് പോലിസില്‍ പരാതി നല്‍കിയത്. ഒന്നരമാസം മുമ്പാണ് പത്തനംതിട്ട ട്രാഫിക് എസ് ഐ ആയിരുന്ന കുരുവിള റാന്നിയില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തെ ചിറ്റാറിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയെങ്കിലും റിലീവ് ചെയ്തില്ല. ഉടന്‍ റിലീവ് ചെയ്യണമെന്ന് കാണിച്ച് എസ് പി ജി ജയദേവ് ഉത്തരവിട്ടതോടെയാണ് ഇദ്ദേഹം നാടുവിട്ടതെന്നാണ് ആരോപണം. ഭാര്യയും രണ്ടു മക്കളുമുണ്ട്. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഭാര്യയുടെ പരാതിയില്‍ രണ്ടു തവണ പത്തനംതിട്ട എസ് പി ഇരുകൂട്ടരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് അടിക്കടി സ്ഥലംമാറ്റം ഉണ്ടായത്. ഭാര്യ വീട്ടുകാര്‍ ഇദ്ദേഹത്തെ മാനസികമായി അലട്ടിയിരുന്നുവെന്ന് സഹപ്രവര്‍ത്തകരും ആരോപിച്ചു. മാനസിക ദൗര്‍ബല്യമുള്ള രണ്ടു സഹോദരിമാര്‍ കുരുവിളയ്ക്കുണ്ട്. ഇവരില്‍ ഒരാള്‍ ഈയിടെ മരണപ്പെട്ടു. മറ്റൊരാള്‍ ഒപ്പമുണ്ട്. ഇവരെയെല്ലാം നോക്കാനുള്ള ബാധ്യത ഇദ്ദേഹത്തിനായിരുന്നു.




Next Story

RELATED STORIES

Share it