Sub Lead

മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയെ യുപിയിൽ ബിജെപി സഖ്യകക്ഷി നേതാവായി തിരഞ്ഞെടുത്തു

മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയെ യുപിയിൽ ബിജെപി സഖ്യകക്ഷി നേതാവായി തിരഞ്ഞെടുത്തു
X

ന്യൂഡൽഹി: പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെട്ട 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ഉത്തര്‍ പ്രദേശില്‍ ജെഡിയുവിന്റെ നേതൃസ്ഥാനത്ത് എത്തി. രമേഷ് ഉപാധ്യായയാണ് ജെഡിയു യുപി ഘടകം എക്‌സ് സര്‍വീസ്‌മെന്‍ സെല്‍ നേതൃത്വത്തിലെത്തിയത്. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവില്‍ ചേരുന്നത് ജനസേവനത്തില്‍ താല്‍പര്യപ്പെട്ടാണെന്ന് രമേഷ് ഉപാധ്യായ അറിയിച്ചു. എക്‌സര്‍വീസ്‌മെന്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആയാണ് രമേഷ് ഉപാധ്യായയുടെ നിയമനം എന്ന് ജെഡിയു ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അനൂപ സിങ് പട്ടേല്‍ വ്യക്തമാക്കി.

കരസേനയില്‍ മേജര്‍ പദവിയില്‍നിന്ന് വിരമിച്ചയാളാണ് രമേഷ് ഉപാധ്യായ. മലേഗാവ് സ്‌ഫോടന കേസില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) സ്വാധി പ്രഗ്യാസിങ് താക്കൂറിനും ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത പുരോഹിതിനുമൊപ്പം അറസ്റ്റ് ചെയ്തു. 2017ല്‍ ജാമ്യം ലഭിച്ചു. കേസിന്റെ വിചാരണ മുംബൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ പ്രതിയായ പ്രഗ്യാസിങ് താക്കൂര്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു.

ഉത്തര്‍പ്രേദശിലെ ബാലിയാണ് രമേഷ് ഉപാധ്യായയുടെ ജന്മദേശം. ദീര്‍ഘകാലമായി മഹാരാഷ്ട്രയിലെ പൂനെയില്‍ സ്ഥിര താമസമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നാട്ടിലെ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അതിന് മുമ്പ് 2012ല്‍ ബല്ലിയ ജില്ലയിലെ ബൈരിയ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് ഹിന്ദുമഹാസഭ സ്ഥാനാര്‍ഥിയായി മത്സരിച്ചു. കോടതിയില്‍നിന്ന് പ്രത്യേക അനുമതി തേടിയായിരുന്നു മത്സരം.

ജെഡിയു നേതാക്കള്‍ തന്നെ വന്ന് അഭ്യര്‍ഥിച്ചത് അനുസരിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് രമേഷ് ഉപാധ്യായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പൂനെയില്‍ സ്ഥിരതാമസമാക്കിയ താന്‍ യുപിയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക നീതിയും വികസനവും ഉറപ്പാക്കുന്ന ജെഡിയു നയത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ദേശീയവാദിയും രാജ്യസ്‌നേഹിയും സോഷ്യലിസ്റ്റും ആണെന്നും മലേഗാവ് സ്‌ഫോടന കേസില്‍ നിരപരാധിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. വെറുതെ വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമൂഹത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it