Sub Lead

ബിജെപി നേതാവിന്റെ പരാതി; ട്രെയിനുകളിലെ മസാജ് സര്‍വീസ് പദ്ധതി തുടങ്ങും മുമ്പേ ഉപേക്ഷിച്ചു

ഇന്‍ഡോര്‍ എംപിയും ബിജെപി നേതാവുമായ ശങ്കര്‍ ലവാനി പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്

ബിജെപി നേതാവിന്റെ പരാതി; ട്രെയിനുകളിലെ മസാജ് സര്‍വീസ് പദ്ധതി തുടങ്ങും മുമ്പേ ഉപേക്ഷിച്ചു
X

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ പരാതിക്കു പിന്നാലെ, ട്രെയിനുകളിലെ മസാജ് സര്‍വീസ് പദ്ധതി തുടങ്ങും മുമ്പേ റെയില്‍വേ മന്ത്രാലയം ഉപേക്ഷിച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 39 ട്രെയിനുകളില്‍ മസാജ് സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയാണ് റെയില്‍വെ ഉപേക്ഷിച്ചത്. ഇന്‍ഡോര്‍ എംപിയും ബിജെപി നേതാവുമായ ശങ്കര്‍ ലവാനി പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. മസാജ് സര്‍വീസ് ഇന്ത്യന്‍ സംസ്‌കാരത്തിന് അനുയോജ്യമല്ലെന്ന് കാണിച്ച് ശങ്കര്‍ ലവാനി റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇത്തരം സര്‍വീസുകള്‍ നല്‍കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണു കത്തില്‍ പറഞ്ഞിരുന്നത്. പദ്ധതി അനാവശ്യമാണെന്നും നിരവധി സ്ത്രീ സംഘടനകള്‍ ഇതിനെതിരേ രംഗത്തുവരുന്നുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

രാജ്യത്ത് 20000ഓളം യാത്രക്കാരില്‍ നിന്നായി പ്രതിവര്‍ഷം 20 ലക്ഷം രൂപ അധികവരുമാനം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് മസാജ് സര്‍വീസ് തുടങ്ങുന്നതായി കഴിഞ്ഞ ആഴ്ച റെയില്‍വേ മന്ത്രാലയം അറിയിച്ചത്. ഇതുവഴി ടിക്കറ്റിതര വരുമാനം 90 ലക്ഷം ഉയര്‍ത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. ഗാള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം വിഭാഗങ്ങളിലായി യഥാക്രമം 100, 200, 300 രൂപ വീതം ഈടാക്കി 15 മുതല്‍ 20 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള മസാജ് സര്‍വീസ് നല്‍കാനായിരുന്നു തീരുമാനം. തല, കഴുത്ത്, കാല്‍ എന്നിവിടങ്ങളില്‍ മസാജ് സേവനം നല്‍കുമെന്നാണ് പശ്ചിമ റെയില്‍വെയിലെ രത്‌ലം ഡിവിഷന്‍ അറിയിച്ചിരുന്നത്. വിദേശികളെയും സ്വദേശികളെയും ലക്ഷമിട്ടുള്ള പദ്ധതിക്കെതിരേ ബിജെപി എംപി തന്നെ രംഗത്തെത്തിയതോടെ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പിന്‍വാങ്ങിയെന്നാണ് റിപോര്‍ട്ട്. എന്നാല്‍, മുഴുശരീര മസാജിങ് പദ്ധതിയിലില്ലെന്നും തലയും പാദവും മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും രത്‌ലം ഡിവിഷന്‍ ജനറല്‍ മാനേജര്‍ ആര്‍ എം ശങ്കര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it