Sub Lead

അഭിഭാഷക ഓഫിസുകളിലെ റെയ്ഡ്: സുപ്രിംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കൗണ്‍സില്‍

അഭിഭാഷകരുടെ ഓഫിസുകളില്‍ പോലിസ് നടത്തിയ അന്യായ റെയ്ഡുകള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പോലിസ് സേന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് 2006ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും എഐഎല്‍സി ആവശ്യപ്പെട്ടു.

അഭിഭാഷക ഓഫിസുകളിലെ റെയ്ഡ്: സുപ്രിംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കൗണ്‍സില്‍
X

ന്യൂഡല്‍ഹി: സംഘപരിവാരത്തില്‍ നടന്ന കലാപങ്ങളിലെ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്ന അഭിഭാഷകര്‍ക്കു നേരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പോലിസ് നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ആള്‍ ഇന്ത്യാ ലോയേഴ്‌സ് കൗണ്‍സില്‍ (എഐഎല്‍സി). അഭിഭാഷകരുടെ ഓഫിസുകളില്‍ പോലിസ് നടത്തിയ അന്യായ റെയ്ഡുകള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പോലിസ് സേന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് 2006ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും എഐഎല്‍സി ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തില്‍ സംഘപരിവാര പങ്കാളിത്തം തുറന്നുകാട്ടാന്‍ തുനിഞ്ഞതിനാലാണ് അഡ്വ. മെഹ്മൂദ് പ്രാച്ചയെ ഡല്‍ഹി പോലിസ് ലക്ഷ്യമിടുന്നതെന്ന് എഐഎല്‍സി അധ്യക്ഷനും ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

വ്യാജരേഖ ചമച്ചോയെന്ന് അന്വേഷിക്കാന്‍ മാത്രമാണ് ഡല്‍ഹിയിലെ പ്രാദേശിക മജിസ്‌ട്രേറ്റ് ഒറ്റവരി നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഡല്‍ഹി പോലിസ് ഈ വാറണ്ട് ഉപയോഗിച്ച് ഓഫിസ് കൊള്ളയടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മജിസ്‌ട്രേറ്റ് തിരച്ചിലിന് അനുമതി നല്‍കരുതായിരുന്നുവെന്നും ആവശ്യമെങ്കില്‍ ബന്ധപ്പെട്ട അഭിഭാഷകനോട് ഇക്കാര്യത്തില്‍ വ്യക്തത തേടാമായിരുന്നുവെന്നും പാട്ടീല്‍ വ്യക്തമാക്കി.

രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ കുത്തഴിഞ്ഞിരിക്കുകയാണെന്നും ഭീമ കൊറോഗാവ് കേസും രാജ്യത്തെ 18 ബോംബ് സ്‌ഫോടന കേസുകളും ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു.

സംഘപരിവാരം ഉള്‍പ്പെട്ട ഈ കേസുകളില്‍ കുറ്റസമ്മത മൊഴികള്‍ ഉണ്ടായിട്ടു പോലും പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നതാണ് കാണാനാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, നിരപരാധികള്‍ തടവറകളില്‍ കഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിംകള്‍ ബോംബ് നിര്‍മിക്കുകയും അവര്‍ തന്നെ മുസ്‌ലിം പ്രദേശങ്ങളിലും ആരാധാനാലയങ്ങളിലും സ്‌ഫോടനം നടത്തിയെന്ന അസംബന്ധ സിദ്ധാന്തം എങ്ങിനെ വിശ്വാസത്തിലെടുക്കുമെന്നും ജസ്റ്റിസ് പാട്ടീല്‍ ചോദിച്ചു.

അഡ്വ. മെഹ്മൂദ് പ്രാച്ചയുടേയും അഡ്വ. ജാവേദ് അലിയുടെയും ഓഫിസുകള്‍ പോലീസ് റെയ്ഡുകളും ഉത്തര്‍പ്രദേശിലെ ഈതയിലെ ജില്ലാ കോടതി അഭിഭാഷകന്‍ രാജേന്ദ്ര ശര്‍മയ്‌ക്കെതിരായ ആക്രമണവും കടുത്ത ആശങ്കയുളവാക്കുന്നതാണെന്ന് എഐഎല്‍സി സെക്രട്ടറി ജനറല്‍ അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് പറഞ്ഞു.

രണ്ട് കേസുകളിലും ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സുപ്രിംകോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് എഐഎല്‍സി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it