Sub Lead

റെയ്ഡ് യാദൃശ്ചികമെന്ന് കരുതുന്നില്ല; ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളെന്നും കെ എം ഷാജി

റെയ്ഡ് യാദൃശ്ചികമെന്ന് കരുതുന്നില്ല; ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളെന്നും കെ എം ഷാജി
X

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതും പണം പിടിച്ചെടുത്തതും നിഷ്‌കളങ്കമാണെന്ന് കരുതുന്നില്ലെന്നും ചിലരെ തകര്‍ക്കേണ്ട ആളുകളുടെ കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കെ എം ഷാജിയുടെ വെളിപ്പെടുത്തല്‍. നേരത്തേ, നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പി എം ഹനീഫ അനുസ്മരണത്തിന്റെ പേരില്‍ ലീഗില്‍ വിമതപ്രവര്‍ത്തനം നടക്കുന്നുവെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ രൂക്ഷമായി വിമര്‍ശിച്ച പരിപാടിക്കു കെ എം ഷാജി ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയിരുന്നത്. ഇതിനു പിന്നാലെയാണ്, അഴീക്കോട് മണ്ഡലത്തില്‍ നിന്നു തോറ്റ ഷാജി ആദ്യമായി ഒരു ചാനലിനു വിശദമായ അഭിമുഖം നല്‍കുന്നത്.

തന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതും പണം പിടിച്ചെടുത്തതും യാദൃശ്ചികമാണെന്ന് കരുതുന്നില്ല. രണ്ട് ദിവസം ബാങ്ക് ലീവാണെന്ന കാര്യമടക്കം പരിഗണിച്ച് കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. എന്നാല്‍ ആരുടെയും പേര് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുണ്ടെന്നു ബോധ്യമായിട്ടുണ്ട്. ഡിപ്ലോമാറ്റിക് കോംപ്രമൈസ് എന്നാണ് ഇത്തരം സൗഹൃദങ്ങളെ കെ എം ഷാജി വിശേഷിപ്പിച്ചത്.

'നഷ്ടപ്പെട്ടു പോയ സീറ്റുകളേക്കാള്‍ പാര്‍ട്ടി ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളാണ്. ഇത്ര സീറ്റ് കിട്ടിയില്ലെന്നു പറയുന്ന ആശ്വാസമല്ല, ഇത്രയും വോട്ടുകള്‍ കുറഞ്ഞുപോയില്ലേ എന്ന ആശങ്കയാണ് ഒരു പാര്‍ട്ടി, പ്രത്യേകിച്ച് മുസ് ലിം ലീഗ് ഗൗരവത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടത്. ഇത് ഗൗരവത്തില്‍ കൊണ്ടുവരണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മുസ് ലിംലീഗിനെ അരികുവല്‍ക്കരിച്ച് ആക്രമിക്കല്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ വോട്ടിന്റെ വ്യതിയാനം വരാന്‍ പാടില്ലാത്തതാണ്. ആരൊക്കെ തോറ്റുപോയി, എത്ര സീറ്റുകള്‍ കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മള്‍ പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാള്‍ വലുതാണ് ഈ കുറഞ്ഞു പോയ വോട്ടുകളെന്നും കെ എം ഷാജി പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമുള്ള സംവിധാനങ്ങളൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും ചര്‍ച്ചകള്‍ നടക്കണമെന്ന നിലപാടുള്ളവരാണ്. അവര്‍ എത്ര തിരക്കിലായാലും നിങ്ങള്‍ ചര്‍ച്ച നടത്തിക്കോളൂ എന്നാണ് പറയാറുള്ളത്. എന്നിട്ടും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണമെന്നും ഷാജി പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 12നു നടത്തിയ റെയ്ഡിലാണ് അഴീക്കോട് ചാലാട് മണലിലെ വീട്ടില്‍നിന്നും വിജിലന്‍സ് സംഘം 50 ലക്ഷം രൂപയോളം കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെയായിരുന്നു ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളില്‍ ഒരേസമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്.

Raid is not considered coincidental; non-political friendships to destroy some people: KM Shaji

Next Story

RELATED STORIES

Share it