Sub Lead

രാഹുല്‍ ഗാന്ധി നാളെ കശ്മീരില്‍; അനുഗമിച്ച് പ്രതിപക്ഷ നേതാക്കളും

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍ജെഡി നേതാവ് മനോജ് ഝാ, എന്‍സിപി നേതാവ് ദിനേഷ് ത്രിവേദി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ നേതാക്കളും അനുഗമിക്കും.

രാഹുല്‍ ഗാന്ധി നാളെ കശ്മീരില്‍; അനുഗമിച്ച് പ്രതിപക്ഷ നേതാക്കളും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ കക്ഷി നേതാക്കളും രാഹുലിനൊപ്പമുണ്ടാവും. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് നീക്കിയതിനു ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ അവിടം സന്ദര്‍ശിക്കുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമുണ്ടാകുമെന്നാണ് സൂചന. കൂടാതെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍ജെഡി നേതാവ് മനോജ് ഝാ, എന്‍സിപി നേതാവ് ദിനേഷ് ത്രിവേദി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ നേതാക്കളും അനുഗമിക്കും.

ജമ്മുവിലും താഴ്‌വരയിലും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായ 19 ാം ദിവസവും ഇന്റ്ര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ വിലക്കു തുടരുകയാണ്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജമ്മു വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. കേന്ദ്ര നീക്കത്തിനു ശേഷം ഒരു രാഷ്ട്രീയ നേതാവും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. അതേസമയം, നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ടു തന്നെ സന്ദര്‍ശനം ഒഴിവാക്കണമെന്നും ജമ്മു കശ്മീര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെയും മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കുന്നതിന്റെയും ആവശ്യകത മുതിര്‍ന്ന നേതാക്കള്‍ മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ അറസ്റ്റു ചെയ്യപ്പെടുകയും തടങ്കലില്‍വച്ചിരിക്കുകയും ചെയ്ത നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രത്യേക പദവി നീക്കുന്ന കേന്ദ്ര നീക്കത്തോട് അനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ജമ്മു കശ്മീരില്‍ അറസ്റ്റിലാകുകയോ വീട്ടുതടങ്കലില്‍ ആകുകയോ ചെയ്തിട്ടുള്ളത്. ഒമര്‍ അബ്ദുല്ലയും മെഹബൂബയും വിവിധ ഗസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്. മറ്റൊരു മുന്‍മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ 5 മുതല്‍ 4000ത്തിലേറെ പേര്‍ തടവിലാണെന്നാണ് അനൗദ്യോഗിക കണക്ക്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസലും തടങ്കലിലാക്കിയവരില്‍ ഉള്‍പ്പെടും.

Next Story

RELATED STORIES

Share it