Big stories

മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്

മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്
X

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബപ്പേരിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ 2019ല്‍ ചുമത്തിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി. ഗുജറാത്തിലെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് രാഹുലിനെ കുറ്റക്കാരനെന്നു കണ്ടെത്തി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. എന്നാല്‍, 30 ദിവസത്തേക്ക് ജാമ്യം അനുവദിക്കുകയും വിധിക്കെതിരേ അപ്പീല്‍ പോവാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സൂററ്റിലെത്തിയ രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനുയായികളും പാര്‍ട്ടി അംഗങ്ങളും തടിച്ചുകൂടുകയും 'ഷേറെ ഹിന്ദുസ്ഥാന്‍' (ഹിന്ദുസ്ഥാന്റെ സിംഹം) എന്ന് വാഴ്ത്തുന്ന പോസ്റ്ററുകളും മറ്റും പതിക്കുകയും ചെയ്തിരുന്നു. 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പൊതുനാമമായത് എങ്ങനെ?' എന്ന് ചോദിച്ചതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് നടപടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. കോടതി കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കുകയും നാല് വര്‍ഷം പഴക്കമുള്ള അപകീര്‍ത്തിക്കേസില്‍ മാര്‍ച്ച് 23ന് വിധി പറയാനായി മാറ്റിവയ്ക്കുകയുനായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല പറഞ്ഞു. 'സത്യം പരീക്ഷിക്കപ്പെടുന്നു, ഉപദ്രവിക്കപ്പെടുന്നു, പക്ഷേ സത്യം മാത്രം ജയിക്കുന്നു. ഗാന്ധിക്കെതിരെ നിരവധി കള്ളക്കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ഇതില്‍ നിന്നെല്ലാം അദ്ദേഹം ഉയര്‍ന്നുവരും. ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അര്‍ജുന്‍ മോദ്‌വാദിയ പറഞ്ഞു. 2021 ഒക്‌ടോബറിലാണ് മൊഴി നല്‍കാന്‍ രാഹുല്‍ ഗാന്ധി അവസാനമായി സൂറത്ത് കോടതിയില്‍ ഹാജരായത്.

2019 ലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, 'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന് പൊതുനാമം ലഭിക്കുന്നത്' എന്ന് പറഞ്ഞ് മോദി സമൂഹത്തെ മുഴുവന്‍ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിന്റെ ആദ്യ കാലത്ത് പൂര്‍ണേഷ് മോദി മന്ത്രിയായിരുന്നു. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂറത്ത് വെസ്റ്റ് അസംബ്ലി സീറ്റില്‍ നിന്ന് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കോടതി നടപടികള്‍ തുടക്കം മുതല്‍ തന്നെ പിഴവുകളായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു. ഗാന്ധിയുടെ പ്രസംഗത്തിന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നതിനാല്‍ എംഎല്‍എ പൂര്‍ണേഷ് മോദിയല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേസില്‍ പരാതിക്കാരനാകേണ്ടിയിരുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.

Next Story

RELATED STORIES

Share it