ഖുര്‍ആന്‍ വചനങ്ങള്‍ വര്‍ഗീയത വളര്‍ത്തുമെന്ന് എസ് എഫ് ഐ; വിസ് ഡം ബാനര്‍ എസ്എഫ് ഐ അഴിച്ചുമാറ്റി

കോളജിനുള്ളില്‍ ഒരുവിധത്തിലുള്ള മതപ്രചാരണവും അനുവദിക്കില്ലെന്നും ഇതുകണ്ട് മറ്റു മതസ്ഥരും അവരുടെ വിശുദ്ധവചനങ്ങളുമായി വന്നാല്‍ അത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളജ് യൂനിയനാണ് ബാനര്‍ നീക്കം ചെയ്തതെന്നും എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഫാസില്‍ കതിരൂര്‍ പറഞ്ഞു

ഖുര്‍ആന്‍ വചനങ്ങള്‍ വര്‍ഗീയത വളര്‍ത്തുമെന്ന് എസ് എഫ് ഐ; വിസ് ഡം ബാനര്‍ എസ്എഫ് ഐ അഴിച്ചുമാറ്റി

കണ്ണൂര്‍: വര്‍ഗീയത വളര്‍ത്തുമെന്നാരോപിച്ച് സലഫി വിദ്യാര്‍ഥി സംഘടനയായ വിസ്ഡം സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ ബാനര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റി. തലശ്ശേരി ഗവ. എന്‍ജിനീയറിങ് കോളജ് കോംപൗണ്ടിനു പുറത്ത് സ്ഥാപിച്ച ഖുര്‍ആന്‍ വചനങ്ങളടങ്ങിയ ബാനറാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയത്. ഖുര്‍ആന്‍ വചനങ്ങളടങ്ങിയ ബാനര്‍ വര്‍ഗീയത വളര്‍ത്തുമെന്നു പറഞ്ഞാണ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയതെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഇബ്രാഹീം പറഞ്ഞു. ''നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് കോളജിനു പുറത്ത് സ്ഥാപിച്ചതായിരുന്നു ബാനര്‍. അതില്‍ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. ബാനര്‍ സ്ഥാപിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ പേര് പറയാന്‍ വിസമ്മതിച്ച ഒരാള്‍ എന്റെ ഫോണില്‍ വിളിച്ച് ഇവിടെ എസ്എഫ് ഐയുടെ ബാനറുകളും പോസ്റ്ററുകളും മാത്രമേ അനുവദിക്കുകയുള്ളൂവെന്നു പറയുകയായിരുന്നു. വര്‍ഗീയത വളര്‍ത്തുന്ന കാംപയിനുകള്‍ എസ്എഫ് ഐ കോളജില്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി റിയാസ് ഇബ്രാഹീം പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞ് ഇതേയാള്‍ വീണ്ടും വിളിച്ചു. ഞങ്ങള്‍ നിങ്ങളുടെ ബാനര്‍ അഴിച്ചുമാറ്റിയിട്ടുണ്ടെന്നും ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍ ''എന്ന ഖുര്‍ആനിലെ മൂന്നാം അധ്യായത്തിലെ 104ാം വാക്യമാണ് ബാനറിലുണ്ടായിരുന്നത്.

ഖുര്‍ആന്‍ വചനങ്ങള്‍ വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നുവെന്ന എസ്എഫ്‌ഐ നടപടി നിര്‍ഭാഗ്യകരമാണെന്നും സംഘടനയുടെ ഔദ്യോഗിക നിലപാടാണോ ഇതെന്ന് വ്യക്തമാക്കണമെന്നും ഇതര സംഘടനകളുടെ പ്രവര്‍ത്തനം വിലക്കുന്നത് ഫാഷിസമാണെന്നും വിസ്ഡം സ്റ്റുഡന്റ്‌സ് കണ്ണൂര്‍ മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, കാംപസിനുള്ളിലാണ് ബാനര്‍ സ്ഥാപിച്ചിരുന്നതെന്നും പുറത്താണെന്ന വാദം തെറ്റാണെന്നും എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഫാസില്‍ കതിരൂര്‍ പറഞ്ഞു. കോളജിനുള്ളില്‍ ഒരുവിധത്തിലുള്ള മതപ്രചാരണവും അനുവദിക്കില്ലെന്നും ഇതുകണ്ട് മറ്റു മതസ്ഥരും അവരുടെ വിശുദ്ധവചനങ്ങളുമായി വന്നാല്‍ അത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ഫാസില്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളജ് യൂനിയനാണ് ബാനര്‍ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാനറില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ അതുമായി ബന്ധമില്ലെന്നാണ് പറഞ്ഞതെന്നും അതിനാല്‍ ബാനര്‍ അഴിച്ചുമാറ്റി ഓഫിസില്‍ സുരക്ഷിതമായി വയ്ക്കുകയാണ് ചെയ്തതെന്നും ഫാസില്‍ പറഞ്ഞു.

എന്നാല്‍, കാംപസിനുള്ളിലാണ് ബാനര്‍ കെട്ടിയതെന്ന വാദം കള്ളമാണെന്നും ബാനറിന്റെ പിന്നില്‍ ഡിവൈഎഫ് ഐയുടെയും സിപിഎമ്മിന്റെയും ബാനറുകളുണ്ടെന്ന് ചിത്രത്തില്‍ നിന്നു വ്യക്തമാണെന്നും ഒരു കിലോമീറ്റര്‍ അകലെ, പൊതു സ്ഥലത്താണ് കെട്ടിയതെന്നും റിയാസ് ഇബ്രാഹീം തേജസ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാക്കളെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും അന്വേഷിക്കാമെന്ന മറുപടിയാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


RELATED STORIES

Share it
Top