Sub Lead

സിഖ് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള പ്രക്ഷോഭം നാലാം വര്‍ഷത്തിലേക്ക്; ബിജെപിക്കെതിരേ സമരമെന്ന് പ്രഖ്യാപനം

സിഖ് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള പ്രക്ഷോഭം നാലാം വര്‍ഷത്തിലേക്ക്; ബിജെപിക്കെതിരേ സമരമെന്ന് പ്രഖ്യാപനം
X

അമൃത്‌സര്‍: സിഖ് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള പ്രക്ഷോഭം നാലാം വര്‍ഷത്തിലേക്ക്. ചണ്ഡീഗഡ്-മൊഹാലി അതിര്‍ത്തിയിലെ വൈപിഎസ് ചൗക്കില്‍ ഖ്വാമി ഇന്‍സാഫ് മോര്‍ച്ച എന്ന പേരിലാണ് സമരം നടക്കുന്നത്. ബുധനാഴ്ച സമരം മൂന്നുവര്‍ഷം പൂര്‍ത്തിയായതിനാല്‍ നാലാം വര്‍ഷത്തിന്റെ തുടക്കത്തില്‍ പഞ്ചാബിലെ ബിജെപി ഘടകത്തിനെതിരേ സമരം പ്രഖ്യാപിച്ചു. ജനുവരി 12 മുതല്‍ 26 വരെ ടോള്‍ പ്ലാസകള്‍ ഉപരോധിക്കാനും തീരുമാനമായി. സമരം തുടങ്ങിയതിന് ശേഷം ലഖ്‌വീന്ദര്‍ സിംഗ്, ഷംഷേര്‍ സിംഗ്, ഗുര്‍മീത് സിംഗ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചതായി ഖ്വാമി ഇന്‍സാഫ് മോര്‍ച്ച നേതാവ് ബാപ്പു ഗുരുചരണ്‍ സിംഗ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബിലെ കശാപ്പുകാരനുമെന്ന് അറിയപ്പെട്ടിരുന്ന ബിയാന്ത് സിംഗിനെ 1995ല്‍ ജീവത്യാഗ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയെന്ന കേസിലെ ആരോപണവിധേയനാണ് ലഖ്‌വീന്ദര്‍ സിംഗ്. ഇതേ കേസില്‍ ജീവപര്യന്തം തടവ് ലഭിച്ചവരാണ് ഷംഷേര്‍ സിംഗും ഗുര്‍മീത് സിംഗ് എഞ്ചിനീയറും. ജഗ്താര്‍ സിംഗ് ഹവാര, ജഗ്താര്‍ സിംഗ് താര എന്നിവരുടെ കേസുകള്‍ കഴിഞ്ഞ 15 വര്‍ഷമായി മരവിപ്പിച്ച് കിടക്കുകയാണ്. വിചാരണ നടക്കാത്തതിനാല്‍ പരോള്‍ പോലും നേടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ബിയാന്ത് സിംഗ് കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്കാണ് ജഗ്താര്‍ സിംഗ് ഹവാരയെയും ജഗ്താര്‍ സിംഗ് താരയെയും ശിക്ഷിച്ചത്. ഇവര്‍ക്ക് പരോള്‍ പോലും നല്‍കുന്നില്ല. ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ശിക്ഷാ ഇളവും നല്‍കുന്നില്ല.


സാമൂഹിക-മത-കര്‍ഷക സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കണമെന്ന് ബാപ്പു ഗുരുചരണ്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രസിഡന്റ് സുഖ് വീന്ദര്‍ സിംഗ് സബ് റാവു, ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. ദര്‍ശന്‍ സിംഗ് പാല്‍ എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തി. തടവിലുള്ള സിംഗുമാരുടെ മോചനത്തിനായി ശ്രമിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളായ പഞ്ചാബ് ബിജെപി ഘടകത്തിനെതിരേ സമരം നടത്താനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it