Sub Lead

സ്വപ്‌ന സാഫല്യം; ഖത്തര്‍ ഏഷ്യന്‍ ചാംപ്യന്മാര്‍

ഫൈനലില്‍ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് 'ശത്രു മണ്ണില്‍' ഖത്തര്‍ കന്നി ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്. അഞ്ചാം കിരീടം തേടിയിറങ്ങിയ ജപ്പാനെ തകര്‍ത്ത് ലോക കപ്പിന് മുമ്പ് നേടിയ ഈ വിജയം ഖത്തര്‍ ടീമിന് വലിയ ഊര്‍ജമാവും.

സ്വപ്‌ന സാഫല്യം; ഖത്തര്‍ ഏഷ്യന്‍ ചാംപ്യന്മാര്‍
X

അബൂദബി: കാണികള്‍ തിങ്ങിനിറഞ്ഞ സായിദ് സ്‌പോര്‍ട്ട്‌സ് സിറ്റി മൈതാനിയില്‍ പുതിയ ചരിത്രം രചിച്ച് ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് 'ശത്രു മണ്ണില്‍' ഖത്തര്‍ കന്നി ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്. അഞ്ചാം കിരീടം തേടിയിറങ്ങിയ ജപ്പാനെ തകര്‍ത്ത് ലോക കപ്പിന് മുമ്പ് നേടിയ ഈ വിജയം ഖത്തര്‍ ടീമിന് വലിയ ഊര്‍ജമാവും.

ആവേശകരമായ പോരാട്ടത്തില്‍ ചാട്ടുളിപോലുള്ള അറ്റാക്കിങ്ങും പാറകണക്കെയുള്ള പ്രതിരോധവുമായായിരുന്നു ഖത്തര്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരെ നേരിട്ടത്. 12ാം മിനിറ്റില്‍ അല്‍മോസ് അലി, 27ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹാതെം, 83ാം മിനിറ്റില്‍ അക്രം അഫീഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍. ഖത്തര്‍ ഈ ടൂര്‍ണമെന്റില്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.

ആദ്യ പകുതിയില്‍ രണ്ട് ഗോളടിച്ച് ജപ്പാനെ വിറപ്പിച്ച ഖത്തര്‍, രണ്ടാം പകുതിയുടെ 69ാം മിനിറ്റിലാണ് മറുപടി ഗോള്‍ വഴങ്ങിയത്. പിന്നീട് ജപ്പാന്റെ ആക്രമണങ്ങളായിരുന്നു. ഒരിടയ്ക്ക് ജപ്പാന്‍ സമനില ഗോള്‍ നേടും എന്ന ഘട്ടത്തില്‍ വാര്‍ (വിഎആര്‍) ഖത്തറിനെ തുണച്ചു. ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ജപ്പാനെതിരേ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അക്രം അഫീഫിന് പിഴച്ചില്ല.



12ാം മിനിറ്റില്‍ അഫീഫിന്റെ പാസ് സ്വീകരിക്കുമ്പോള്‍ ഗോള്‍പോസ്റ്റ് അല്‍മോസ് അലിയുടെ പിന്നിലായിരുന്നു. രണ്ട് മനോഹര ടച്ചുകള്‍ക്ക് ശേഷം ഒരു ബൈസൈക്കിള്‍ കിക്കിലൂടെ അല്‍മോസ് പന്ത് ജപ്പാന്‍ വലയില്‍ എത്തിച്ചു. 27ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാതെം ഒരു ലോങ്ങ്‌റേഞ്ച് ഷോട്ടിലൂടെയുമായിരുന്നു ഗോളുകളടിച്ചത്. ഇന്നത്തെ ഗോളിലൂടെ ടൂര്‍ണമെന്റില്‍ ഒമ്പത് ഗോളുകള്‍ തികച്ച അല്‍മോയിസ് അലി ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച താരവുമായി.

ആറു കളികളില്‍ സ്വന്തം വലയനക്കാതെ 16 ഗോള്‍ സമ്പാദ്യവുമായി എത്തിയ ഖത്തറായിരുന്നു ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയത്. മൂന്നു ഗോള്‍ വഴങ്ങി 11 ഗോള്‍നേട്ടത്തിലായിരുന്നു ജപ്പാന്‍ കലാശപ്പോരിനെത്തിയത്. വിജയത്തോടെ ഒരു ഏഷ്യന്‍ ടീമിന് കപ്പ് നേടിക്കൊടുക്കുന്ന ആദ്യ സ്‌പെയിന്‍ പരിശീലകനെന്ന നേട്ടം ഖത്തറിന്റെ ഫെലിക്‌സ് സാഞ്ചസ് സ്വന്തമാക്കി.

ഖത്തറിന്റെ അന്ത്യം കൊതിച്ചെത്തിയ യുഎഇ കാണികള്‍ക്ക് മുന്നില്‍ ടീം കരസ്ഥമാക്കിയ നേട്ടം ഖത്തറില്‍ മുഴുവന്‍ ആവേശത്തിരയുയര്‍ത്തി. രാജ്യത്തെ പ്രധാന കവലകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും ബിഗ് സ്‌ക്രീനുകള്‍ സജ്ജീകരിച്ച് കളി കാണാന്‍ സൗകര്യമൊരുക്കിയിരുന്നു.

Next Story

RELATED STORIES

Share it