Sub Lead

ലീഗിനെ തള്ളി, പിണറായിയെയും സര്‍ക്കാരിനെയും പുകഴ്ത്തി പി വി അബ്ദുല്‍ വഹാബ് എംപി

വേദിയില്‍ വച്ച് വഹാബ് പരസ്യമായി അപമാനിച്ച് സംസാരിച്ചെന്ന് ആരോപിച്ച് കെ പി എ മജീദ് പാണക്കാട് തങ്ങള്‍ക്ക് പരാതി നല്‍കുകയും ചെയ്തു

ലീഗിനെ തള്ളി, പിണറായിയെയും സര്‍ക്കാരിനെയും പുകഴ്ത്തി പി വി അബ്ദുല്‍ വഹാബ് എംപി
X

മലപ്പുറം: പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് മുസ് ലിം ലീഗ് പ്രക്ഷോഭം തുടങ്ങിയിരിക്കെ, പാര്‍ട്ടി നിലപാട് തള്ളിയും ഇടതുസര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും ലീഗ് നേതാവും രാജ്യസഭാ എംപിയുമായ പി വി അബ്ദുല്‍ വഹാബ് രംഗത്ത്. പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടതെന്നായിരുന്നു വഹാബിന്റെ പരാമര്‍ശം. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ പരിഹസിച്ചും അബ്ദുല്‍വഹാബ് രംഗത്തെത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെയും മന്ത്രി കെ ടി ജലീലിന്റെയും പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഇടപെടലും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗം സാമൂഹിക മാധ്യമങ്ങളിലൂടെ ഇടത് അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, വേദിയില്‍ വച്ച് വഹാബ് പരസ്യമായി അപമാനിച്ച് സംസാരിച്ചെന്ന് ആരോപിച്ച് കെ പി എ മജീദ് പാണക്കാട് തങ്ങള്‍ക്ക് പരാതി നല്‍കുകയും ചെയ്തു. വഹാബിന്റെ പരാമര്‍ശം യാദൃശ്ചികമല്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ലീഗ് നേതൃത്വം വഹാബിനോട് വിശദീകരണം തേടിയെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈയിടെ രാജ്യസഭയിലെ പ്രവര്‍ത്തനങ്ങളുടെയും മറ്റും പേരില്‍ അബ്്ദുല്‍ വഹാബിനെതിരേ ലീഗില്‍ അമര്‍ഷം ശക്തമായിരുന്നു. അതിനിടെയാണ്, വഹാബ് ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന വിധത്തില്‍ വാര്‍ത്തകളും പുറത്തുവരുന്നത്. ഇടത് എംഎല്‍എ പിവി അന്‍വര്‍ ചെയര്‍മാനായി രൂപീകരിച്ച റീ ബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റിയില്‍ ലീഗിന്റെ എതിര്‍പ്പുകളെ തള്ളി രക്ഷാധികാരി സ്ഥാനം അബ്ദുല്‍ വഹാബ് ഏറ്റെടുത്തിരുന്നു. കമ്മിറ്റി ചെയര്‍മാനെന്ന പേരില്‍ പാര്‍ട്ടി നേതൃത്വം അറിയാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നിരവധി തവണ വഹാബ് ചര്‍ച്ച നടത്തിയത് ലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറം കലക് ടറേറ്റിനു മുന്നില്‍ നടന്ന യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തില്‍ നിന്നു അബ്്ദുല്‍ വഹാബ് എംപി വിട്ടുനിന്നിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇ ടി മുഹമ്മദ്ബഷീര്‍ എംപിയും ജില്ലയിലെ എംഎല്‍എമാരും മുതിര്‍ന്നനേതാക്കളുമെല്ലാം പങ്കെടുത്തിട്ടും വഹാബ് എത്തിയിരുന്നില്ല. കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ വഹാബിനും കുഞ്ഞാലിക്കുട്ടിക്കുമെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മുത്ത്വലാഖ്, എന്‍ഐഎ നിയമഭേദഗതി, കശ്മീര്‍, അസം പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയില്‍ ലീഗ് എംപിമാര്‍ വന്‍ പരാജയമാണെന്നായിരുന്നു വിമര്‍ശനം. മുത്ത്വലാഖ് ബില്‍ ചര്‍ച്ചാവേളയില്‍ വഹാബ് രാജ്യസഭയിലെത്താത്ത വഹാബ് രാജിവയ്ക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് പിണറായി വിജയനെയും ലീഗ് മലപ്പുറത്ത് നഖശിഖാന്തം എതിര്‍ക്കുന്ന കെ ടി ജലീലിനെയും പി വി അന്‍വറിനെയും പുകഴ്ത്തിയത് എന്നതും ശ്രദ്ധേയമാണ്.



Next Story

RELATED STORIES

Share it