Sub Lead

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു
X

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിന്റെ വാശി വോട്ടെടുപ്പിന്റെ ആദ്യസമയത്ത് തന്നെ കണ്ടുതുടങ്ങുന്നുണ്ട്. ഇടത്-വലത് പക്ഷത്ത് യുവനേതാക്കള്‍ തമ്മിലുള്ള പോരായതിനാല്‍ വോട്ടെടുപ്പിലും അതിന്റെ തീവ്രത പ്രതിഫലിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് ആറ് വരെ നീളും. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരാണെന്നറിയാന്‍ ജനം വിധിയെഴുതുകയാണ്.

ആകെ 182 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ പത്തെണ്ണം പൂര്‍ണമായും വനിതകളാണ് നിയന്ത്രിക്കുന്നത്. എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ച 5.30 മുതല്‍ പോളിങ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തല്‍സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ് എന്നിവര്‍ക്കു പുറമെ എന്‍ഡിഎയുടെ ജി ലിജിന്‍ ലാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ് തുടങ്ങി ഏഴുപേരാണ് മല്‍സരരംഗത്തുള്ളത്. അര നൂറ്റാണ്ടിലേറെക്കാലം പുതുപ്പള്ളിയുടെ സ്വന്തം എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടി ജൂലൈ 18ന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,76,417 വോട്ടര്‍മാരാുള്ളത്. ഇതില്‍ 957 പേര്‍ പുതിയ വോട്ടര്‍മാരാണ്. 2021ല്‍ 9044 വോട്ടിനാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. അന്നും ജെയ്ക് സി തോമസ് തന്നെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ എതിരാളി. സുരക്ഷയ്ക്കായി 675 അംഗ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ഡ്യൂട്ടിക്ക് 872 ഉദ്യോഗസ്ഥരാണുള്ളത്. വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഈമാസം എട്ടിന് കോട്ടയം മാര്‍ ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it