Sub Lead

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ചെറുക്കാന്‍ ബില്ലുകളുമായി പഞ്ചാബ്

'സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭയം എനിക്കില്ല. പക്ഷേ, കര്‍ഷകരെ ദുരിതത്തിലാക്കാനോ നശിപ്പിക്കാനോ ഞാന്‍ അനുവദിക്കില്ല ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു ഇപ്പോള്‍ ഞങ്ങളോടൊപ്പം നിങ്ങള്‍ നില്‍ക്കുക.' നിയമസഭയില്‍ അദ്ദേഹം പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ചെറുക്കാന്‍ ബില്ലുകളുമായി പഞ്ചാബ്
X

ഛണ്ഡീഗഡ്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ ചെറുക്കാന്‍ ബില്ലുകളുമായി പഞ്ചാബ്. കര്‍ഷക പ്രതിഷേധം രൂക്ഷമായതോടെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിലപാട് ശക്തമാക്കിയത്. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മൂന്ന് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ഇതോടെ കേന്ദ്ര കര്‍ഷക നിയമത്തെ മറികടക്കാന്‍ പുതിയ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നിയമപോരാട്ടം നടത്തുമെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. നിയമ പോരാട്ടത്തിന് അടിത്തറ പാകുന്നതാണ് നിയമസഭാ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കാര്‍ഷിക മേഖല സംസ്ഥാന വിഷയമാണ്. എന്നാല്‍ പുതിയ നിയമങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കൂടി കടന്നുകയറാനുള്ള ശ്രമമാണ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം താങ്ങു വിലക്ക് (എംഎസ്പി) താഴെ സാധനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന് ആളുകള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതായും ബില്ലുകളില്‍ പറയുന്നു.

'സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭയം എനിക്കില്ല. പക്ഷേ, കര്‍ഷകരെ ദുരിതത്തിലാക്കാനോ നശിപ്പിക്കാനോ ഞാന്‍ അനുവദിക്കില്ല ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു ഇപ്പോള്‍ ഞങ്ങളോടൊപ്പം നിങ്ങള്‍ നില്‍ക്കുക.' നിയമസഭയില്‍ അദ്ദേഹം പറഞ്ഞു. കൃഷിയെ സംസ്ഥാന വിഷയമായി വര്‍ഗ്ഗീകരിക്കുന്ന ഭരണഘടനയ്ക്ക് വിരുദ്ധമായി കാര്‍ഷിക നിയമങ്ങളും കേന്ദ്രം നടപ്പാക്കി. ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന പ്രവര്‍ത്തനങ്ങളെയും അധികാരങ്ങളെയും അതിക്രമിക്കുന്നതിനുള്ള നേരിട്ടുള്ള ആക്രമണമാണ് പുതിയ നിയമങ്ങളെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനമാണ് പഞ്ചാബ്. കൂടാതെ ഹരിയാനയിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. സെപ്തംബര്‍ 20 ന് പാര്‍ലമെന്റില്‍ നടന്ന താറുമാറായ സമ്മേളനത്തില്‍ രണ്ട് നിയമനിര്‍മ്മാണങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, ചില പ്രതിപക്ഷ എംപിമാര്‍ കാര്‍ഷിക മേഖലയ്ക്ക് ''മരണ വാറന്റ്'' ആണെന്ന് തെളിയിക്കുമെന്ന് അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് കേന്ദ്രം ബില്ലുകള്‍ പാസാക്കിയിരുന്നത്.

ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് നേരത്തെ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധങ്ങള്‍ തുടന്നതിനിടയില്‍ സെപ്തംബര്‍ 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതില്‍ ഒപ്പുവെച്ച് നിയമമായി മാറുകയും ചെയ്തു. രാജ്യത്തുടനീളമുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ബില്ലുകളെ ശക്തമായി എതിര്‍ത്തു. ഈ ബില്ലുകളില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊരാളായ ശിരോമണി അകാലിദള്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്മാറി.




Next Story

RELATED STORIES

Share it