Sub Lead

ആശുപത്രി അധികൃതരുടെ അവഗണന: വിവരം പുറത്തുവിട്ട യുവ സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ആശുപത്രി അധികൃതരുടെ അവഗണന: വിവരം പുറത്തുവിട്ട യുവ സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരേ കേസ്
X

പോര്‍ട്ട് ബ്ലെയര്‍: സ്വകാര്യാശുപത്രിയില്‍ രോഗികളോടുള്ള അധികൃതരുടെ അവഗണന പുറത്തുകൊണ്ടുവന്ന യുവ സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കൊവിഡ് രോഗികളെ സാധാരണ രോഗികള്‍ക്കൊപ്പം വാര്‍ഡില്‍ സൂക്ഷിക്കുന്നുവെന്ന വാര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ലൈവ് പ്രക്ഷേപണം ചെയ്തതിനെയാണ് ആന്തമാന്‍- നിക്കോബാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക പ്രവര്‍ത്തകന്‍ എം എ സാജിദ്, യൂത്ത് വോളണ്ടിയര്‍ തന്‍മയ് മല്ലിക്, നിക്കോ ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്റെ എഡിറ്ററും ഡയറക്ടറുമായ തരുണ്‍ കാര്‍ത്തിക് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51, 186/188 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

ആഗസ്ത് 24 ന് ജിബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍നിന്ന് എം എ സാജിദിന് ലഭിച്ച ഒരു ഫോണ്‍ സന്ദേശമാണ് സംഭവത്തിന് ആധാരം. കൊവിഡ് പോസിറ്റീവ് രോഗികളെ സാധാരണ രോഗികള്‍ക്കൊപ്പം സൂക്ഷിക്കുന്നതിനാല്‍ കൊവിഡ് പടരുമെന്ന ഭയത്തെക്കുറിച്ചായിരുന്നു സന്ദേശം. ആഗസ്ത് 24ന് രാവിലെ ആശുപത്രിയില്‍ കഴിയുന്ന രോഗികളില്‍ ചിലരുടെ കൊവിഡ് പരിശോധനാഫലങ്ങള്‍ പോസിറ്റീവാണന്ന് പുറത്തുവന്നെങ്കിലും അതേ വാര്‍ഡില്‍ കഴിയുന്ന മറ്റ് സാധാരണ രോഗികളെ ഇവിടെനിന്ന് മാറ്റുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എം എ സാജിദും തന്‍മയ് മല്ലിക്കും ആശുപത്രി അധികാരികളെ സമീപിച്ച് കൊവിഡ് പോസിറ്റീവായ രോഗികളെ വാര്‍ഡില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് പരാതിയുമായി ഇരുവരും സൗത്ത് ആന്തമാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍, എ&എന്‍ അഡ്മിനിസ്‌ട്രേഷന്‍, ജിബി പന്ത് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എന്നിവരെ ബന്ധപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

അധികാരികളില്‍നിന്ന് നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്താചാനലായ നിക്കോ ന്യൂസ് ആശുപത്രിക്ക് പുറത്തുനിന്ന് ഫേസ്ബുക്കില്‍ ഒരു ലൈവ് പ്രക്ഷേപണം ചെയ്തു. ലൈവ് പ്രക്ഷേപണം കഴിഞ്ഞയുടനെ, എഡിറ്ററായ തരുണ്‍ കാര്‍ത്തിക്, സാമൂഹികപ്രവര്‍ത്തകരായ തന്‍മയ് മല്ലിക്, എം എ സാജിദ് എന്നിവരെ പോലിസ് ചോദ്യംചെയ്യലിനായി വിളിപ്പിക്കുകയും അവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ''ഇത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനും കൊവിഡ് മഹാമാരി കാലഘട്ടത്തില്‍ സമൂഹത്തിന് സംഭാവന നല്‍കുന്ന യുവാക്കള്‍ക്കും കൊവിഡിനെ മികച്ച രീതിയില്‍ നേരിടുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്കായി പോരാടുന്ന യുവാക്കള്‍ക്കും നേരെയുള്ള ആക്രമണമാണ്'', സന്നദ്ധപ്രവര്‍ത്തകര്‍ പ്രതികരിച്ചു. കൊവിഡ് കേസുകളുടെ വര്‍ധനവ് കാരണം ആന്തമാന്‍ ദ്വീപുകള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍, സന്നദ്ധപ്രവര്‍ത്തകരെ പ്രത്യേകിച്ച് യുവാക്കളെ പ്രോല്‍സാഹിപ്പിക്കേണ്ട സമയത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആന്തമാനിലെ ഭരണവ്യവസ്ഥയുടെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്ന്. കഴിഞ്ഞ ദിവയം കൊവിഡ് ബാധിതനുമായി ഫോണില്‍ സംസാരിച്ചവരെ ക്വാറൈന്റനിലാക്കിയതുസംബന്ധിച്ച് ട്വിറ്ററില്‍ ചോദ്യമുന്നയിച്ച ആന്തമാന്‍ ക്രോണിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ സുബൈര്‍ അഹമ്മദിനെ അറസ്റ്റുചെയ്കയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it