Sub Lead

പിഎഫ് ഫയലിലെ അപാകത പരിഹരിക്കാന്‍ ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യം; ഉദ്യോഗസ്ഥന്‍ പിടിയില്‍

ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫിസര്‍ കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്‌മെന്റ് എസ്മൂന്ന് വിസ്മയയില്‍ ആര്‍ വിനോയ് ചന്ദ്ര (43)നാണ് വിജിലന്‍സിന്റെ പിടിയിലായത്.

പിഎഫ് ഫയലിലെ അപാകത പരിഹരിക്കാന്‍  ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യം; ഉദ്യോഗസ്ഥന്‍ പിടിയില്‍
X

കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ അപാകതകള്‍ പരിഹരിക്കുന്നതിനു ലൈംഗികമായി വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫിസര്‍ കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്‌മെന്റ് എസ്മൂന്ന് വിസ്മയയില്‍ ആര്‍ വിനോയ് ചന്ദ്ര (43)നാണ് വിജിലന്‍സിന്റെ പിടിയിലായത്. കിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഗവ. എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫിസറും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുമാണ് പ്രതി. എന്‍ജിഒ യൂനിയന്റെ സജീവപ്രവര്‍ത്തകനുമാണ്.

കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു. സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചത്.

പ്രശ്‌നം പരിഹരിക്കാമെന്നേറ്റ ഇയാള്‍ വാട്‌സാപ്പില്‍ തന്നെ തിരികെവിളിക്കാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. പിന്നീട് നിരന്തരം വാട്‌സാപ്പില്‍ വിളിച്ചു. അശ്ലീലചുവയോടെ സംസാരിച്ചു.

കഴിഞ്ഞദിവസം വിളിച്ചിട്ട് വാട്‌സാപ്പില്‍ നഗ്‌നയായി വരാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഇത് നിരസിച്ചു. താന്‍ അടുത്തദിവസം കോട്ടയത്തെത്തുമെന്നും അവിടെ ഹോട്ടല്‍ മുറിയില്‍വെച്ച് പ്രശ്‌നം പരിഹരിച്ചുനല്‍കാമെന്നും ഇയാള്‍ അറിയിച്ചു.

44 അളവിലുള്ള ഷര്‍ട്ട് വാങ്ങിക്കൊണ്ടുവരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥ വിജിലന്‍സ് എസ്പിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഷര്‍ട്ടുവാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് അതില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി നല്‍കി.

ബുധനാഴ്ച കോട്ടയത്തെത്തിയ പ്രതി റെയില്‍വേ സ്‌റ്റേഷനുസമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. വിജിലന്‍സ് സംഘവും അടുത്ത മുറികളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഉദ്യോഗസ്ഥയെ പ്രതി ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മുറിയില്‍ കയറി ഇയാളെ പിടികൂടുകയായിരുന്നു. വിനോയ് ചന്ദ്രന്റെ പക്കല്‍നിന്ന് ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി.

പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കും.കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെ എ വിദ്യാധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ സജു എസ് ദാസ്, ആര്‍ രതീന്ദ്രകുമാര്‍, റെജി എം കുന്നിപ്പറമ്പില്‍, എസ് ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി കെ അനില്‍കുമാര്‍, ബി സുരേഷ്‌കുമാര്‍, പി എസ് പ്രസന്നകുമാര്‍, ഗോപകുമാര്‍, എഎസ്‌ഐമാരായ സ്റ്റാന്‍ലി തോമസ്, സാബു, അനില്‍കുമാര്‍, ഹാരിസ്, ടിനുമോന്‍, സിപിഒമാരായ മനോജ്കുമാര്‍, അനൂപ്, രാജേഷ്, അരുണ്‍ചന്ദ്, രഞ്ജിനി തുടങ്ങിയവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it