Sub Lead

കൊല്ലത്ത് കെ റെയിലിനെതിരേ പ്രതിഷേധം ശക്തം; ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാര്‍

കൊല്ലത്ത് കെ റെയിലിനെതിരേ പ്രതിഷേധം ശക്തം; ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാര്‍
X

കൊല്ലം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ബുധനാഴ്ച രാവിലെ കൊല്ലത്ത് സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. തഴുത്തലയില്‍ വീടിന് മുന്നില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ഉദ്യോഗസ്ഥര്‍ വന്നാല്‍ ഇതിന് തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്നാണ് വീട്ടുടമയുടെ ഭീഷണി. ഇതോടൊപ്പം ജില്ലാ ജഡ്ജിക്കായി ആത്മഹത്യാ കുറിപ്പും എഴുതിവച്ചിട്ടുണ്ട്. മരണത്തിന് ഉത്തരവാദി കെ റെയില്‍ ഉദ്യോഗസ്ഥരും പോലിസുകാരുമായിരിക്കുമെന്നാണ് കത്തിലുള്ളത്.

പിന്തുണയുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കെ റെയില്‍ നാടിനാപത്താണെന്നും സര്‍ക്കാര്‍ ആദ്യം കിടപ്പാടം ഒരുക്കിയ ശേഷം കുറ്റിയിടാന്‍ വരട്ടെയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഡിസംബര്‍ 20നും ഇവിടെ സര്‍വേ നടന്നിരുന്നു. അന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. അന്ന് ഒരു കുടുംബം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അതിരടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞുപോയത്. അതിന് സമാനമായ രീതിയിലാണ് ബുധനാഴ്ചയും. സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കല്ലിടല്‍ പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച തുടങ്ങും. സര്‍വേക്ക് അനുകൂലമായ കോടതി വിധികളുടെ പശ്ചാത്തലത്തിലും ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോവാനാണ് സമരസമിതിയുടെ തീരുമാനം. കല്ലിടലിന് സുരക്ഷ ഒരുക്കാന്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണമാണ് പോലിസ് ഒരുക്കുന്നത്. സമീപത്തെ എല്ലാ സ്‌റ്റേഷനില്‍നിന്നുള്ള പോലിസുകാരോടും കല്ലിടല്‍ ഡ്യൂട്ടിക്ക് ആറന്മുളയില്‍ എത്താന്‍ നിര്‍ദേമുണ്ട്. കല്ലിടല്‍ തടയുമെന്ന് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ജില്ലയില്‍ കടമ്പനാട്, പള്ളിക്കല്‍, പന്തളം, ആറന്മുള, കിടങ്ങന്നൂര്‍, കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം വില്ലേജുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോവുന്നത്. മൊത്തം 21 കിലോമീറ്റര്‍ ദൂരം. ജില്ലയില്‍ ആകെ 44.71 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടവയാണ്. സര്‍വേ പ്രകാരം തിരുവല്ല, മല്ലപ്പള്ളി മേഖലകളില്‍ 400 ഓളം വീടുകള്‍ നഷ്ടമായേക്കാമെന്നാണ് കരുതുന്നത്. ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തിലാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800 ഓളം വരും. റെയില്‍ പാതക്കായി നദിക്ക് കുറുകെ ജില്ലയില്‍ പാലങ്ങള്‍ വേണ്ടിവരും.

Next Story

RELATED STORIES

Share it