Sub Lead

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം:ഭീഷണിയുമായി ഡിവൈഎഫ്‌ഐ;അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

സ്‌കൂളില്‍ കാലുകുത്തിയാല്‍ ഫര്‍സീന്‍ മജീദിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം ഷാജര്‍ ഭീഷണി മുഴക്കി

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം:ഭീഷണിയുമായി ഡിവൈഎഫ്‌ഐ;അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
X

കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകനും,യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റുമായ ഫര്‍സീന്‍ മജീദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്‍ സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ ഡിപിഐയുടെ നിര്‍ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചു.

അതേസമയം സ്‌കൂളില്‍ കാലുകുത്തിയാല്‍ ഫര്‍സീന്‍ മജീദിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം ഷാജര്‍ ഭീഷണി മുഴക്കി. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഭീഷണി.സിപിഎം തീരുമാനിച്ചാല്‍ അധ്യാപകന് സ്‌കൂളില്‍ പോകണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ വന്ന് കത്തുവാങ്ങേണ്ടിവരുമെന്ന് തിങ്കളാഴ്ച മട്ടന്നൂരില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ല സെക്രട്ടേറിയേറ്റ് അംഗം പി പുരുഷോത്തമനും പറഞ്ഞിരുന്നു.

ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്.മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗണ്‍മാനും നല്‍കിയ പരാതിയില്‍ വധശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തില്‍ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളില്‍ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് പരാതി നല്‍കിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാര്‍ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇന്‍ഡിഗോ ഗ്രൗണ്ട് ഹാന്‍ഡിലിങ് മാനേജരും പരാതി നല്‍കിയിട്ടുണ്ട്.

ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയര്‍ ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്‌സിഡന്‍സ് ആന്‍ഡ് ഇന്‍സിഡെന്‍സ് റൂള്‍സ് 2012) 22, എയര്‍ക്രാഫ്റ്റ് ആക്ട് 11 എ, സിവില്‍ ഏവിയേഷന്‍ ആക്ട് 3(1)(എ) അനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it