Sub Lead

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിക്കണം- പോപുലര്‍ ഫ്രണ്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിക്കണം- പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പൂര്‍ണമായും പിന്‍വലിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് രണ്ട് കേസുകള്‍ മാത്രമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെല്ലാം സമാധാനപരമായിരുന്നു. പ്രകടനം നടത്തി പ്രതിഷേധിച്ചതിന്റെ പേരിലാണ് ഇത്രയുമേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയെല്ലാം ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണെന്ന് ബോധ്യമായിട്ടും വാഗ്ദാനം പാലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവാത്തത് സംശയാസ്പദമാണെന്ന് അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018ലെ സുപ്രിംകോടതി വിധിക്ക് പിന്നാലെയുണ്ടായ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.

ശബരിമലയുടെ പേരുപറഞ്ഞ് സംസ്ഥാനത്തുടനീളം നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ ആര്‍എസ്എസ് അക്രമത്തിലൂടെ 1.45 കോടിയുടെ പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ്സിനെ തലോടുന്ന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ വിമര്‍ശനമുയരാനുള്ള സാധ്യത കണക്കിലെടുത്ത് തൂക്കമൊപ്പിക്കാനാണ് സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസും പിന്‍വലിക്കാന്‍ അന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സിഎഎ വിരുദ്ധ സമരങ്ങളുടെ ഭാഗമായി പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നു. കേരളത്തിലെവിടെയും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടില്ല.

എന്നാല്‍, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ആര്‍എസ്എസ് ബിജെപി പ്രതിഷേധങ്ങളുടേയും ഹര്‍ത്താലിന്റെയും മറവില്‍ കേരളത്തിലുടനീളം വ്യാപകമായ അക്രമങ്ങളും നാശനഷ്ടങ്ങളുമുണ്ടായി. ബോംബേറും പോലിസ് സ്‌റ്റേഷന്‍ ആക്രമണങ്ങളും കലാപാഹ്വാനങ്ങളും ബസ്സുകള്‍ കത്തിക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങളും അരങ്ങേറി. ശബരിമലയുമായി ബന്ധപ്പെട്ട ആയിരത്തോളം അക്രമങ്ങളിലും പ്രതിഷേധങ്ങളിലും മുപ്പത്തിമൂവായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമങ്ങളില്‍ 150 പോലിസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹര്‍ത്താല്‍, വഴിതടയന്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലിസ് ചുമത്തിയിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിഎഎ വിരുദ്ധ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാണ് ഇതെന്ന് അന്നുതന്നെ അക്ഷേപമുയര്‍ന്നിരുന്നു. തിരുവനന്തപുരം സിറ്റി 39, തിരുവനന്തപുരം റൂറല്‍ 47, കൊല്ലം സിറ്റി 15, കൊല്ലം റൂറല്‍29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, എറണാകുളം സിറ്റി 17, എറണാകുളം റൂറല്‍ 38, തൃശൂര്‍ സിറ്റി 66, തൃശൂര്‍ റൂറല്‍ 20, പാലക്കാട് 85, മലപ്പുറം 93, കോഴിക്കോട് സിറ്റി 103, കോഴിക്കോട് റൂറല്‍ 103, വയനാട് 32, കണ്ണൂര്‍ സിറ്റി 54, കണ്ണൂര്‍ റൂറല്‍ 39, കാസര്‍കോട് 18 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പിന്‍വലിക്കാതിരിക്കാനുളള കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലെങ്കില്‍ പൊതുജനത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it