Sub Lead

ഫലസ്തീന്‍ അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന് താക്കീത്

ഫലസ്തീന്‍ അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന് താക്കീത്
X
ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അനുകൂല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച സി ഐഎ ഉദ്യോഗസ്ഥന് താക്കീത്. അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി(സി ഐഎ)യുടെ ഉന്നത ഉദ്യോഗസ്ഥനാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍ദേശം നല്‍കിയത്. ഹമാസിന്റെ പേരുപറഞ്ഞ് ഫലസ്തീനില്‍ ഇസ്രായേല്‍ സമ്പൂര്‍ണ ആക്രമണം ആരംഭിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഒക്‌ടോബര്‍ 21നാണ് സി ഐഎയുടെ അസോഷ്യേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ ഫലസ്തീന്‍ പതാക വീശുന്നയാളുടേത് നല്‍കിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 'ഫ്രീ ഫലസ്തീന്‍' എന്ന വാക്കുളടങ്ങിയതായിരുന്നു പോസ്റ്റ്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ അയക്കുന്നതിനെതിരായ നയം ആവര്‍ത്തിച്ച് സി ഐഎ ഒരു ഇന്റേണല്‍ മെമ്മോ അയച്ചതായി എന്‍ബിസി ന്യൂസ് റിപോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡന് രഹസ്യാന്വേഷണവും വിശകലനവും കൈമാറുന്നതിനുള്ള ഉത്തരവാദിത്തമുള്ള യുഎസിന്റെ ഉന്നത വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് സിഐഎ. മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന്‍ മുമ്പ് പ്രസിഡന്റിന്റെ ഡെയ്‌ലി ബ്രീഫ് എന്ന പേരില്‍ ഒരു അതീവ രഹസ്യ രേഖ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ആളാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇത്തരം സങ്കീര്‍ണമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ചായ് വുള്ള ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് അസാധാരണമാണ്.

15,000 ഫലസ്തീനികളെ കൊല്ലുകയും ഗസ മുനമ്പിന്റെ ഭൂരിഭാഗവും തകര്‍ക്കുകയും ചെയ്ത ഇസ്രായേല്‍ ആക്രമണത്തെ പ്രസിഡന്റ് ജോ ബൈഡന്‍ കൈകാര്യം ചെയ്തതില്‍ യുഎസ് സര്‍ക്കാരിനുള്ളിലെ ഭിന്നത വെളിപ്പെടുത്തുന്നതാണ് മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. മരണസംഖ്യ വര്‍ധിച്ചിട്ടും ബൈഡന്‍ ഇസ്രായേല്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ പ്രചാരണ ഉദ്യോഗസ്ഥരും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള തുറന്ന കത്തുകളില്‍ ഒപ്പുവച്ചിരുന്നു. ഗസ യുദ്ധത്തെക്കുറിച്ചുള്ള പരസ്യമായ അഭിപ്രായത്തിന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്കിലെ ഹലാല്‍ ഭക്ഷണ വിതരണക്കാരനെ ഉപദ്രവിക്കുകയും കൂടുതല്‍ ഫലസ്തീന്‍ കുട്ടികളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മുന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it