Sub Lead

കണ്ണൂരില്‍ ഫലസ്തീന്‍ റാലിയുമായി ലീഗ് അനുകൂല സമിതി; ഇ ടി ഉദ്ഘാടകന്‍, സുധാകരന് ക്ഷണമില്ല

കണ്ണൂരില്‍ ഫലസ്തീന്‍ റാലിയുമായി ലീഗ് അനുകൂല സമിതി; ഇ ടി ഉദ്ഘാടകന്‍, സുധാകരന് ക്ഷണമില്ല
X

കണ്ണൂര്‍: സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചുതമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ കണ്ണൂരില്‍ ഫലസ്തീന്‍ റാലിയുമായി ലീഗ് അനുകൂല സമിതി. മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റിയാണ് വെള്ളിയാഴ്ച കണ്ണൂരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. മുസ് ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കണ്ണൂര്‍ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ക്ഷണമില്ല. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയൊന്നും ക്ഷണിക്കേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് മുസ് ലിം കോഓഡിനേഷന്‍ ഭാരവാഹികള്‍ പറയുന്നതെങ്കിലും കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായ കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി ഒ മോഹനന്‍ മുഖ്യാതിഥി പങ്കെടുക്കുന്നുണ്ട്. വിവിധ മുസ് ലിം സംഘടനകള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും സിപിഎമ്മിനെയോ മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. നഗരപിതാവ് എന്ന നിലയിലാണ് ടി ഒ മോഹനനെ ക്ഷണിച്ചതെന്നാണ് സംഘാടകര്‍ പറയുന്നതെങ്കിലും സ്ഥലം എംപിയായ സുധാകരനെ ക്ഷണിക്കാത്തത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണെന്നും സൂചനയുണ്ട്. പ്രത്യേകിച്ച്, സെമിനാര്‍ വിവാദത്തില്‍ ഇ ടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ സുധാകരന്‍ നടത്തിയ പട്ടി പ്രയോഗം വിവാദമായിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി കണ്‍വീനറായ മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റി മുസ് ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്ത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ് ലാമി ഹിന്ദ്, കേരളാ മുസ് ലിം ജമാഅത്ത്, കെഎന്‍എം (മര്‍ക്കസുദ്ദഅവ), വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍, എംഇഎസ്, എംഎസ്എസ് എന്നീ സംഘടനകളുമുണ്ട്. റാലിയിലും പൊതുസമ്മേളനത്തിലും കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിളക്കുന്തറ മൈതാനിക്ക് സമീപം(പ്രഭാത് ജംഗ്ഷന്‍) നിന്ന് വൈകീട്ട് നാലിന് റാലി ആരംഭിക്കും. കലക്ടറേറ്റ് ടൗണ്‍ സ്‌ക്വയറില്‍ വൈകീട്ട് 6.30ന് പൊതുസമ്മേളനം ഇ ടി മുഹമ്മദ്ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. പി പി ഉമര്‍ മുസ് ല്യാര്‍ അധ്യക്ഷത വഹിക്കും. അബ്ദുദുര്‍റഹ്ാന്‍ കല്ലായി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഡോ. ഹുസയ്ന്‍ മടവൂര്‍, ഡോ. ആര്‍ യൂസഫ്, റഫീഖ് അണിയാരം, അബ്ദുല്ലത്തീഫ് കുരുമ്പുലാക്കല്‍, ശിഹാബ് എടക്കര, ഡോ. എ എ ബഷീര്‍, ബി ടി കുഞ്ഞു തുടങ്ങിയവര്‍ സംസാരിക്കും.

സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുക എന്നതാണ് പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും പറഞ്ഞിട്ടും ഇസ്രായേല്‍ യുദ്ധക്കൊതിയില്‍ നിന്നും മാറുന്നില്ലെന്നും ഈ നിലപാടിനെതിരെ ഒന്നിച്ച് പ്രതികരിച്ച് പൊതുബോധം ഉണര്‍ത്തേണ്ട സാഹചര്യത്തിലാണ് മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഐക്യദാര്‍ റാലിയും പൊതുസമ്മേളനവും നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം ചേലേരി, അബ്ദുറഹ്മാന്‍ കല്ലായി, കെ ടി സഹദുല്ല(മുസ് ലിംലീഗ്), പി കെ മുഹമ്മദ് സാജിദ് നദ്‌വി(പ്രസിഡന്റ്, ജമാഅത്തെ ഇസ് ലാമി കണ്ണൂര്‍), സി എച്ച് ഇസ്മായില്‍ ഫാറൂഖി(ജില്ലാ ഖജാഞ്ചി കെ എന്‍ എം), നിസാര്‍അതിരകം(കേരള മുസ് ലിം ജമാഅത്ത്), ടി മുഹമ്മദ് നജീബ്(കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ), കെ വി ഷംസുദ്ദീന്‍(വിസ്ഡം), കെ പി നൗഷാദ്(എംഇഎസ്), വി മുനീര്‍(എംഎസ്എസ്) പങ്കെടുത്തു.

Next Story

RELATED STORIES

Share it