Sub Lead

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക കസ്റ്റഡിയില്‍; മിര്‍സാപൂരില്‍ നിരോധനാജ്ഞ

കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക കസ്റ്റഡിയില്‍; മിര്‍സാപൂരില്‍ നിരോധനാജ്ഞ
X

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലിസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തതെന്ന് മിര്‍സാപുര്‍ പൊലിസ് അറിയിച്ചു.

മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പൊലിസ് തടഞ്ഞതോടെ പ്രിയങ്കയും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. എന്റെ മകന്റെ പ്രായമുള്ള ഒരു കുട്ടിയാണ് വെടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. എന്തിന്റെ പേരിലാണ് തന്നെ വഴിയില്‍ തടയുന്നത്-പ്രിയങ്ക ചോദിച്ചു.

ഇന്ന് രാവിലെയാണ് പ്രിയങ്ക പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിലെത്തിയത്. തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്നവരെ സന്ദര്‍ശിച്ചു. അതിന് ശേഷമാണ് 80 കിലോമീറ്റര്‍ അകലെയുള്ള സോന്‍ഭദ്രയിലേക്കു പുറപ്പെട്ടത്. എന്നാല്‍, ജില്ലയില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രിയങ്കയുടെ വാഹനം തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയും കൂടെയുള്ളവരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഒരു സര്‍ക്കാര്‍ വാഹനത്തില്‍ പ്രിയങ്കയെ കയറ്റിക്കൊണ്ടു പോയി. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നത് എന്നറിയില്ലെന്നും എവിടേക്ക് പോകാനും തങ്ങള്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രിയങ്കയെ നിയമവരുദ്ധമായി അറസ്റ്റ് ചെയ്ത നടപടി ആശങ്കാജനകമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ആദിവാസികള്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ അവരെ ക്രൂരമായി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it