Sub Lead

ആഗസ്ത് 1 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് കടുത്ത തിരിച്ചടി സൃഷ്ടിക്കുന്നുവെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.

ആഗസ്ത് 1 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു
X

തിരുവനന്തപുരം: ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു. സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ സംയുക്ത സമരസമിതിയാണ് ഈ തീരുമാനം കൈകൊണ്ടത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് കടുത്ത തിരിച്ചടി സൃഷ്ടിക്കുന്നുവെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസ്സുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായില്ലെന്നും ഉടമകള്‍ അവകാശപ്പെടുന്നു. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഇതോടെയാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിക്കുന്നത്.

അടുത്തിടെ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ട് രൂപ എന്ന നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഇത് രണ്ടര കിലോ മീറ്ററാക്കി നിജപ്പെടുത്തിയിരുന്നു. അഞ്ച് കിലോമീറ്ററിന് 10 രൂപ ചാര്‍ജ് ഈടാക്കാനും മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. നേരത്തേ അഞ്ച് കിലോമീറ്റര്‍ ദൂരത്തിനാണ് മിനിമം ചാര്‍ജ് 8 രൂപ ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എട്ട് രൂപ നിരക്കില്‍ രണ്ടര കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 10 രൂപയാണ് നല്‍കിയിരുന്നത്. കൊറോണ പ്രതിസന്ധി തീരും വരെയാണ് ഈ വര്‍ധനവ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് പ്രതിസന്ധി മാറുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ചാര്‍ജ് കൂട്ടിയ നടപടി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തിലായിരുന്നു അധികനിരക്ക് പിന്‍വലിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശയുടെ മറപിടിച്ചാണ് പിന്നീട് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. മിനിമം ചാര്‍ജ് 12 ആക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഇതേ നിലപാടാണ് കെഎസ്ആര്‍ടിസിക്കും.

Next Story

RELATED STORIES

Share it