Sub Lead

വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; നടക്കുന്നത് ​ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആരോപണം

മാസങ്ങൾക്ക് മുമ്പ് തന്നെ വിയ്യൂർ അതിസുരക്ഷാ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ ശരിവയ്ക്കുന്ന കോടതി രേഖകൾ തേജസ് ന്യൂസ് പുറത്തു വിട്ടിരുന്നു.

വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; നടക്കുന്നത് ​ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആരോപണം
X

കോഴിക്കോട്: വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനെ തുടർന്ന് കൊവിഡ് ബാധിച്ചവരെ പാർപ്പിക്കുന്ന സെല്ലുകളിൽ ഒന്നിൽകൂടുതൽ പേരെയാണ് പാർപ്പിക്കുന്നത്. ​ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അതിസുരക്ഷാ ജയിലിൽ നടക്കുന്നതെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവർത്തകർ രം​ഗത്തെത്തി.

കൊവിഡ് രണ്ടാം തരം​ഗത്തിന് പിന്നാലെ നിരവധി നിയന്ത്രണങ്ങളാണ് തടവുകാർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎപിഎ വിചാരണത്തടവുകാരും ശിക്ഷാത്തടവുകാരുമടക്കം ഇരുന്നൂറോളം പേരെയാണ് അതിസുരക്ഷാ ജയിലിൽ തടവിൽ പാർപ്പിച്ചിന്നത്. കൊവിഡ് ബാധിച്ചവരെ മുകളിലത്തെ നിലയിൽ ഓരോ സെല്ലുകളിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇവിടെ വച്ചാണ് ഒരു തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊവിഡ് ബാധിച്ചവരുടെ സെല്ലുകളിൽ ഒന്നിൽ കൂടുതൽ തടവുകാരെ പാർപ്പിക്കാൻ തുടങ്ങി. കൊവിഡ് സാഹചര്യത്തിൽ തടവുകാർക്ക് ലഭിക്കേണ്ട പോഷകാഹാരങ്ങൾ ഒന്നും തന്നെ കൃത്യമായി ലഭ്യമാക്കുന്നില്ല. കൊവിഡ് ബാധിക്കപ്പെടാത്ത വാക്സിനേഷൻ പൂർത്തിയായ തടവുകാർക്ക് പരസ്പരം കാണുന്നതിനടക്കം വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കൊവിഡിന്റെ സാഹചര്യത്തിൽ തടവുകാരുടെ അവകാശങ്ങൾ ലംഘിക്കുന്നതായാണ് ആരോപണം.

എന്നാൽ ആരോപണത്തിൻമേൽ തേജസ് ന്യൂസിനോട് പ്രതികരിക്കാൻ ജയിൽ വെൽഫയർ ഓഫീസർ തയ്യാറായിട്ടില്ല. അതേസമയം വിവിധ കേസുകളിൽ യുഎപിഎ തടവുകാരായവരുടെ ബന്ധുക്കൾ മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണങ്ങളെ ശരിവച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യമായതിനാൽ കുറച്ചുകാലത്തേക്ക് ബന്ധപ്പെടാൻ സാധിക്കില്ലെന്ന് ജയിൽ അധികൃതർ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.

കൊവിഡിന്റെ പേരിൽ അതിസുരക്ഷാ ജയിലിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ​ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സിപി റഷീദ് പറഞ്ഞു. ഒരേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തടവുകാർക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന അധികൃതർ തന്നെ തടവുകാരുടെ സെല്ലുകളിൽ സാമൂഹികാകലം പാലിക്കാതെ നിരന്തരം റെയ്ഡുകൾ സംഘടിപ്പിക്കുകയാണ്. ഇത് കൊവിഡ് ബാധിക്കാത്തവരെ കൊവിഡ് ബാധിതരാകുന്നതിലേക്ക് തള്ളിയിടുന്ന സമീപനമാണ്.

കൊവിഡ് രോ​ഗികളായ തടവുകാർക്ക് നൽകേണ്ട പോഷകാഹാരങ്ങൾ പോലും ശരിയാംവണ്ണം നൽകുവാൻ അധികൃതർ തയ്യാറാകുന്നില്ല. കൊവിഡ് ബാധിച്ച് സുഖപ്പെട്ടാലും അസുഖം ഭേദമായവർക്ക് മൂന്ന് മാസം കഴിഞ്ഞാൽ മാത്രമേ മറ്റുതടവുകാർക്കൊപ്പം പാർപ്പിക്കുകയുള്ളു. ഇത്തരം നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.

മാസങ്ങൾക്ക് മുമ്പ് തന്നെ വിയ്യൂർ അതിസുരക്ഷാ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ ശരിവയ്ക്കുന്ന കോടതി രേഖകൾ തേജസ് ന്യൂസ് പുറത്തു വിട്ടിരുന്നു. കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ യുഎപിഎ തടവുകാരനായ അനൂപ് റഹ്മാനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ജയിലധികൃതർ മാധ്യമങ്ങൾക്ക് വ്യാജവാർത്ത നൽകിയതടക്കമുള്ള ​ഗുരുതര കുറ്റങ്ങളാണ് ജയിൽ സൂപ്രണ്ടിനെതിരേ നേരത്തെ കോടതി കണ്ടെത്തിയത്. ഇത്തരം കോടതി ഇടപെടൽ ഉണ്ടായിട്ടും സർക്കാർ നടപടിയെടുക്കാത്തതാണ് മനുഷ്യാവകാശ ലംഘനങ്ങൾ നിരന്തരം തുടരുന്നതിലേക്ക് വഴിവയ്ക്കുന്നത്.

Next Story

RELATED STORIES

Share it