Sub Lead

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യുപിയില്‍ എസ്പി നേടിയ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുമോ?

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി 100ല്‍ അധികം സീറ്റുകള്‍ നേടിയതോടെ ബിജെപിക്ക് സീറ്റ് നിലയില്‍ വന്ന കുറവ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ ആവശ്യമായ അംഗ സംഖ്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യുപിയില്‍ എസ്പി നേടിയ സീറ്റുകള്‍ ബിജെപിക്ക് തലവേദനയാവുമോ?
X

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലിടത്തും മികച്ച വിജയം കൈവരിക്കാനായെങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അല്‍പം പ്രയാസകരമായിരിക്കുമെന്ന് സൂചന. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി 100ല്‍ അധികം സീറ്റുകള്‍ നേടിയതോടെ ബിജെപിക്ക് സീറ്റ് നിലയില്‍ വന്ന കുറവ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ ആവശ്യമായ അംഗ സംഖ്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ അല്‍പ്പം മോശമാണ് ബിജെപിയുടെ ഇപ്പോഴത്തെ അംഗസംഖ്യ. ബിജെപി നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരിന് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മൊത്തം വോട്ടിന്റെ 1.2 ശതമാനം കുറവ് ഇപ്പോഴുണ്ട്.

എന്നാല്‍ ബിജെപി സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രശ്‌നമാവില്ലെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ പോലുള്ള പാര്‍ട്ടികളെ സ്വാധീനിച്ച് ഇലക്ട്രല്‍ കോളജില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപിക്കാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ വര്‍ഷം ജൂലൈ 24നാണ് അവസാനിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്ക് പ്രകാരം രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഭൂരിപക്ഷത്തില്‍ എന്‍ഡിഎയ്ക്ക് കേവലം 0.05 ശതമാനം വോട്ടുകളായിരുന്നു കുറവുണ്ടായിരുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ 50 ശതമാനം വോട്ടില്‍ നിന്ന് 1.2 ശതമാനം അകലെയാണ് എന്‍ഡിഎ ഇപ്പോള്‍.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സീറ്റിലുണ്ടായ ഇടിവാണ് എന്‍ഡിഎ വോട്ട് ഷെയര്‍ കുറയാന്‍ ഇടയാക്കിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒരു എംപിയുടെ വോട്ട് മൂല്യം 708 ആണ്. എന്നാല്‍, 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി സംസ്ഥാനത്തെ ജനസംഖ്യയും നിയമസഭാ സീറ്റുകളുടെ എണ്ണവും അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ വോട്ട് മൂല്യം വ്യത്യസ്ഥമാണ്. യുപിയിലെ എംഎല്‍എമാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത്. 208 ആണിത്. അതായത് സംസ്ഥാനത്തെ നാല് എംഎല്‍എമാര്‍ക്ക് ഒരു എംപിയുടെ വോട്ട് അസാധുവാക്കാനാകും.

2017ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്‌നാ ദളും (സോനേലാല്‍) യഥാക്രമം 312, 11 മണ്ഡലങ്ങള്‍ നേടിയിരുന്നു. ഇത് പ്രകാരം മൊത്തം 323 നിയമസഭാ സീറ്റുകളാണ് എന്‍ഡിഎയ്ക്കുണ്ടായിരുന്നത്. എന്നാല്‍, 2021 ജൂലൈ ആയപ്പോഴേക്കും ചില ഒഴിവുകള്‍ കാരണം ഇത് 315 ആയി കുറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 255 സീറ്റുകളും അപ്‌നാ ദള്‍ (എസ്) 12 സീറ്റുകളും നേടി. ഇതോടൊപ്പം മറ്റൊരു സഖ്യകക്ഷിയായ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദളിന്റെ (നിഷാദ്) ആറ് എംഎല്‍എമാരും അടക്കം എന്‍ഡിഎയ്ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് 273 നിയമസഭാ സീറ്റുകളാണുള്ളത്.അതായത് എട്ട് മാസത്തിനുള്ളില്‍ എന്‍ഡിഎയ്ക്ക് ഉത്തര്‍പ്രദേശില്‍ 48 എംഎല്‍എമാരുടെ നഷ്ടം നേരിട്ടു.

ഇത് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ മൊത്തം വോട്ട് ഷെയറിന്റെ 0.9 ശതമാനം വരും. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ഉത്തരാഖണ്ഡിലെ ബിജെപിയുടെ സീറ്റുകള്‍ 2021 ജൂലൈയിലെ 56ല്‍ നിന്ന് 47 ആയി കുറഞ്ഞു. മണിപ്പൂരില്‍ 2021 ജൂലൈയില്‍ 36 എംഎല്‍എമാരില്‍ നിന്ന് 32 ആയി ചുരുങ്ങി.

ഗോവയില്‍, സംസ്ഥാന നിയമസഭയില്‍ രണ്ട് എംഎല്‍എമാരുള്ള മഹാരാഷ്ട്രവാദി ഗോമന്തകിന്റെ ബാഹ്യ പിന്തുണയോടെ എന്‍ഡിഎയ്ക്ക് 28 എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ വെറും 20 ആയി കുറഞ്ഞിട്ടുണ്ട്. പഞ്ചാബില്‍ ബിജെപിക്ക് അന്നത്തെ പോലെ ഇപ്പോള്‍ രണ്ട് സീറ്റുണ്ട്.

ഈ സംസ്ഥാനങ്ങളില്‍ ഓരോന്നിനും ഓരോ എംഎല്‍എയ്ക്കും മിതമായ വോട്ട് മൂല്യമുണ്ട്. ഒരു പഞ്ചാബ് എംഎല്‍എയുടെ വോട്ട് മൂല്യം 118, ഉത്തരാഖണ്ഡ് 64, ഗോവ 20, മണിപ്പൂര്‍ 18 എന്നിങ്ങനെയാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തൊടാന്‍ എന്‍ഡിഎ നിലവില്‍ ഏകദേശം 13,000 വോട്ടുകള്‍ അകലെയാണ്. മൊത്തം വോട്ട് മൂല്യം ഏകദേശം 1,093,347 ആണ്, അതില്‍ എന്‍ഡിഎയ്ക്ക് 48.8 ശതമാനമുണ്ട്. അതേസമയം പ്രാദേശിക പാര്‍ട്ടികളായ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി, കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി), നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ (ബിജെഡി) എന്നിവയ്ക്ക് ഇലക്ട്രറല്‍ കോളജിലെ വോട്ട് ഷെയറില്‍ നിര്‍ണായക സ്വാധീനമുണ്ട്

പഞ്ചാബിനൊപ്പം ആം ആദ്മിയ്ക്ക് 1 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസിന് 3.05 ശതമാനവും വൈ എസ്ആര്‍സിപിക്ക് 4 ശതമാനവും ടിആര്‍എസിന് 2.2 ശതമാനവും ബിജെഡിക്ക് 3 ശതമാനവും വോട്ട് ഷെയര്‍ ഉണ്ട്. ഇവരില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും ടിആര്‍എസും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ല. വൈഎസ്ആര്‍സിപിയും ബിജെഡിയും കേന്ദ്രസര്‍ക്കാരുമായി താരതമ്യേന സൗഹൃദ ബന്ധമാണ് പുലര്‍ത്തുന്നത്. എന്‍ഡിഎയുടെ പൗരത്വ (ഭേദഗതി) നിയമത്തെയും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെയും പാര്‍ലമെന്റില്‍ ഇരു പാര്‍ട്ടികളും പിന്തുണച്ചിരുന്നു.


Next Story

RELATED STORIES

Share it