Sub Lead

യുഎസ്-മെക്‌സിക്കോ അതിര്‍ത്തി മതിലില്‍ നിന്ന് വീണ് ഗര്‍ഭിണി മരിച്ചു

യുഎസ്-മെക്‌സിക്കോ അതിര്‍ത്തി മതിലില്‍ നിന്ന് വീണ് ഗര്‍ഭിണി മരിച്ചു
X

വാഷിങ്ടണ്‍: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വിവാദ മതിലില്‍ നിന്ന് വീണ് ഗര്‍ഭിണി മരിച്ചു. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ 19 കാരിയാണ് ടെക്‌സസിലെ അതിര്‍ത്തി മതിലില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത്. മിറിയം എസ്‌റ്റെഫാനി ജിറോണ്‍ ലൂണ എന്ന യുവതിയാണ് 18 അടി ഉയരത്തില്‍(5.5 മീറ്റര്‍) മതിലിനു മുകളില്‍ നിന്ന് പിറകിലേക്ക് വീണത്. 30 ആഴ്ച ഗര്‍ഭിണിയായ ജിറോണ്‍ ലൂണ കുട്ടിയുടെ പിതാവിനൊപ്പം മതില്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ദാരുണാന്ത്യം സംഭവിച്ചതെന്ന് ഗ്വാട്ടിമാല വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ജിറോണ്‍ ലൂണ സാമൂഹിക പ്രവര്‍ത്തകയും നാട്ടില്‍ ക്വറ്റ്‌സാല്‍റ്റെനാങ്കോ ഡിപ്പാര്‍ട്ട്‌മെന്റിലെ സൗന്ദര്യമല്‍സര വിജയിയുമായിരുന്നു. മതിലിനു മുകളില്‍ നിന്ന് താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അവള്‍ തെറിച്ചുവീഴുകയായിരുന്നു. യുവതിയുടെ പങ്കാളിയായ ദില്‍വര്‍ ഇസ്രായേല്‍ ഡയസ് ഗാര്‍സിയ (26) സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയി യുഎസ് അതിര്‍ത്തി പട്രോളിംഗ് ഏജന്റുമാരുടെ സഹായം തേടിയിരുന്നു. എല്‍ പാസോയിലെ ഡോക്ടര്‍മാര്‍ കുട്ടിയെ സിസേറിയന്‍ വഴി പ്രസവം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജിറോണ്‍ ലൂണയുടെ പങ്കാളി ഡയസ് ഗാര്‍സിയ യുഎസ് അതിര്‍ത്തി പട്രോളിങ് സംഘത്തിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ അപകടമുണ്ടാക്കുന്നതായും ഒക്ടോബര്‍ മുതല്‍ മറ്റ് അഞ്ച് ഗ്വാട്ടിമാല നിവാസികള്‍ക്ക് വീണ് എല്ല് പൊട്ടിയതായും ടെക്‌സസ് സംസ്ഥാനത്തെ ഗ്വാട്ടിമാലന്‍ കോണ്‍സലര്‍ ഉദ്യോഗസ്ഥന്‍ ടെകാണ്ടി പനിയാഗുവ വാഷിങ്ടണ് പോസ്റ്റിനോട് പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തി മതിലില്‍ നിന്ന് വീണ് ഗുരുതരമായ പരിക്കുകളാണ് സംഭവിക്കുന്നത്. ഇത് വളരെ ആശങ്കാജനകമായ പ്രവണതയാണ്. ആളുകള്‍ കൂടുതല്‍ കൂടുതല്‍ അപകടസാധ്യതയിലേക്കും ജീവന്‍ നഷ്ടപ്പെടുന്നതിലേക്കുമാണ് നിയന്ത്രണങ്ങള്‍ എത്തിക്കുന്നത്. മെക്‌സിക്കന്‍ കുടിയേറ്റം അടിച്ചമര്‍ത്തുന്നത് തന്റെ പ്രസിഡന്റ് സ്ഥാനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രധാന വിഷയമാക്കിയ

ട്രംപ്, കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ അഭയം തേടുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്ന നടപടികളാണ് സ്വീകരിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ 'റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുറഞ്ഞത് 60,000 അഭയാര്‍ഥികളെയെങ്കിലും മെക്‌സിക്കോയിലേക്ക് തിരിച്ചയച്ചതായാണു റിപോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷം 470,000 ത്തിലേറെ കുടിയേറ്റക്കാരെ യുഎസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളുടെ രാജ്യത്തെ അക്രമങ്ങളും ദാരിദ്ര്യവും രാഷ്ട്രീയ പീഡനവും കാരണം പലായനം ചെയ്യുന്നതിനിടെയാണ് മെക്‌സിക്കക്കാര്‍ ഇവിടെയെത്തുന്നത്. എന്നാല്‍, മെയ് മുതല്‍ അതിര്‍ത്തി തടങ്കലില്‍ 75 ശതമാനം കുറവുണ്ടായതായി യുഎസ് അധികൃതര്‍ അവകാശപ്പെട്ടു. ട്രംപ് ഭരണകൂടം സ്ഥാപിച്ച 30 അടി ഉയരമുള്ള(ഒമ്പത് മീറ്റര്‍) പുതിയ മതിലില്‍ 135 മൈലിലേറെ(217 കിലോമീറ്റര്‍) ഉയരവും ശക്തവുമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.




Next Story

RELATED STORIES

Share it