Sub Lead

തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കല്‍; പ്രശാന്ത് കിഷോറുമായി വീണ്ടും ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കല്‍; പ്രശാന്ത് കിഷോറുമായി വീണ്ടും ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തി. പ്രശാന്ത് കിഷോര്‍ നേരത്തെ സമര്‍പ്പിച്ച പദ്ധതി രൂപരേഖയിലെ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്ന ടീം അംഗങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ഭാഗല്‍ എന്നിവരും കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ 72 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. 'പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചുവരികയാണ്. ഒപ്പം മറ്റു നേതാക്കളും നിരവധി കാര്യങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിട്ടുണ്ട്.

എല്ലാം കൂടി പരിശോധിച്ച ശേഷമുള്ള ഒരു സമഗ്ര റിപോര്‍ട്ടായിരിക്കും സോണിയാ ഗാന്ധിക്ക് മുന്നില്‍ സമര്‍പ്പിക്കുക'- പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് കൂട്ടായ തീരുമാനമാണ് വേണ്ടത്. അതാണ് സോണിയാ ഗാന്ധി പ്രതീക്ഷിക്കുന്നതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. രൂപരേഖ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പി ചിദംബരം, ജയറാം രമേശ്, കെ സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു.

മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളോട് ഒരുവിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് ദേശീയ നേതൃത്വം വീണ്ടും പദ്ധതി അവലോകനത്തിനായി യോഗം ചേര്‍ന്നത്. ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോര്‍ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പദ്ധതി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യോഗം ചേരുന്നത്. വൈകീട്ട് നാല് മണിയോടെ ആരംഭിച്ച യോഗം എട്ടുമണിക്കാണ് അവസാനിച്ചത്. പ്രശാന്ത് കിഷോര്‍ തയ്യാറാക്കിയ പദ്ധതി റിപോര്‍ട്ട് പ്രത്യേക സമിതി ചര്‍ച്ച ചെയ്യുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍, റിപോര്‍ട്ടിന്‍മേല്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുകയാണ് എഐസിസി നേതൃത്വം.

കഴിഞ്ഞ തവണ യോഗം ചേര്‍ന്നപ്പോള്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന രണ്‍ദീപ് സിങ് സുര്‍ജേവാല, പി ചിദംബരം എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടും മുമ്പ് കോണ്‍ഗ്രസില്‍ സമൂലമായ മാറ്റമാണ് പ്രശാന്ത് കിഷോര്‍ ഹൈക്കമാന്റിനോട് നിര്‍ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കുള്ള ഒറ്റത്തവണ നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ചതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ തുടക്കമിട്ടിരുന്നു. പക്ഷേ, അത് യാഥാര്‍ഥ്യമായില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും ഒഴിവാക്കുന്ന തരത്തില്‍ പ്രശാന്ത് കിഷോര്‍ തയ്യാറാക്കിയ പദ്ധതിയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം പദ്ധതിയുമായി എത്തിയ പ്രശാന്ത് കിഷോറിനെ പൂര്‍ണമായും തള്ളിക്കളയാനും കോണ്‍ഗ്രസിന് കഴിയില്ല. ഈ വര്‍ഷം ഹിമാചലിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രശാന്ത് കിഷോര്‍ ഒപ്പമുണ്ടാവേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്.

Next Story

RELATED STORIES

Share it