Sub Lead

സമാധാനത്തിനും ഐക്യത്തിനുമുള്ള പ്രതിബദ്ധത ആര്‍എസ്എസ് പ്രവൃത്തികളില്‍ തെളിയിക്കണം: പോപുലര്‍ ഫ്രണ്ട്

തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്ര രേഖകള്‍ പിന്‍വലിക്കുകയും ചരിത്രപരമായ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുകയും ചെയ്യാതെ ആര്‍എസ്എസിന് മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനാവില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന ചൂണ്ടിക്കാട്ടി

സമാധാനത്തിനും ഐക്യത്തിനുമുള്ള പ്രതിബദ്ധത ആര്‍എസ്എസ് പ്രവൃത്തികളില്‍ തെളിയിക്കണം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് സമാധാനത്തിനും ഐക്യത്തിനുമായുള്ള സ്വന്തം പ്രതിബദ്ധത വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ തെളിയിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിം സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആര്‍എസ്എസ് നേതാക്കള്‍ നല്‍കിയ വാഗ്ദാനത്തിന്റേയും ഉപദേശത്തിന്റേയും പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഈ പ്രസ്താവന.

തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്ര രേഖകള്‍ പിന്‍വലിക്കുകയും ചരിത്രപരമായ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുകയും ചെയ്യാതെ ആര്‍എസ്എസിന് മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനാവില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന ചൂണ്ടിക്കാട്ടി.സാമുദായിക ഐക്യത്തെക്കുറിച്ചും ജുഡീഷ്യറിയോടുള്ള ആദരവിനെക്കുറിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെ ഓര്‍മിപ്പിക്കാന്‍ ആര്‍എസ്എസിന് ധാര്‍മ്മിക അവകാശമില്ല. കാരണം ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചരിത്രം ഈ സമുദായത്തിനില്ല.

ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി അംഗീകരിക്കാനും സമാധാനവും ഐക്യവും നിലനിര്‍ത്താനും ആര്‍എസ്എസ് നേതാക്കള്‍ മുസ്‌ലിംകളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. സമാധാനത്തിനും സാമുദായിക ഐക്യത്തിനും വേണ്ടിയുള്ള ഏതൊരു ശ്രമത്തെയും എല്ലാവരും സ്വാഗതം ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ശക്തമായി വിശ്വസിക്കുന്നു. എന്നാല്‍, ബാബരി മസ്ജിദ് വിഷയം ഇന്നത്തെ ദുരന്ത തലത്തിലേക്ക് കൊണ്ടുപോയതില്‍ സ്വന്തം പങ്ക് എല്ലാവരും മറക്കണമെന്നാണ് ആര്‍എസ്എസിന്റെ താല്‍പര്യം.

സംഘപരിവാറുമായി ബന്ധപ്പെട്ടവരാണ് 1992 ഡിസംബര്‍ 6ന് പകല്‍ വെളിച്ചത്തില്‍ ബാബരി മസ്ജിദ് ആസൂത്രിതമായി തകര്‍ത്ത് തരിപ്പണമാക്കിയതെന്ന വസ്തുത ആര്‍ക്കും മറക്കാനാവില്ല. അയോധ്യയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന കോടതി ഉത്തരവുകള്‍ നഗ്‌നമായി ലംഘിച്ച് നടത്തിയ അതിക്രമം മുസ്ലീങ്ങള്‍ക്കെതിരേ മാത്രമല്ല, രാജ്യത്തിനും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമെതിരായ സംഘടിത കുറ്റകൃത്യമായിരുന്നു.

ജുഡീഷ്യറിയെയും നിയമവാഴ്ചയെയും ബഹുമാനിക്കുന്നതിനെക്കുറിച്ച് ആര്‍എസ്എസ് നേതാക്കള്‍ മുസ്‌ലിം നേതാക്കള്‍ക്ക് മുന്നില്‍ പ്രഭാഷണം നടത്തുമ്പോള്‍, ബാബറി മസ്ജിദില്‍ ബലപ്രയോഗിച്ചും നിയമവിരുദ്ധമായും വിഗ്രഹങ്ങള്‍ സ്ഥാപിച്ചപ്പോഴും, ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്പും ശേഷവും മുസ്‌ലിം സമൂഹം കോടതികളിലുള്ള വിശ്വാസം നിലനിര്‍ത്തിയിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നുണ്ടെന്നും ആര്‍എസ്എസിനെ ഓര്‍മിപ്പിക്കുന്നു.

ആര്‍എസ്എസും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മുസ്‌ലിം സമുദായത്തിന്റെ പെരുമാറ്റം പിന്തുടര്‍ന്നിരുന്നെങ്കില്‍, പരസ്പര വിശ്വാസത്തിന്റെ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയും നൂറുകണക്കിന് ജീവന്‍ നഷ്ടപ്പെടാതിരിക്കുകയും ചെയ്യുമായിരുന്നു.മുസ്‌ലിം സമുദായത്തിനെതിരേ ഉന്നത ആര്‍എസ്എസ് നേതൃത്വം ഒന്നും പറഞ്ഞില്ലെന്ന വാചാടോപം വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കില്ല. കാരണം വസ്തുതകളും രേഖകളും അതിനെതിരാണ്.

മേധാവിത്വ പ്രത്യയശാസ്ത്രവും അക്രമ രീതികളും ഉപേക്ഷിച്ചുകൊണ്ട് മാത്രമേ ആര്‍എസ്എസിന് മുസ്‌ലിം സമൂഹവുമായി നല്ല ബന്ധമുണ്ടാക്കാന്‍ ആവു എന്ന് മുഹമ്മദ് അലി ജിന്ന വ്യക്തമാക്കി.

സ്വന്തം സമുദായത്തിനപ്പുറത്തേക്ക് എത്തിച്ചേരാനും ഭൂരിപക്ഷ സമൂഹവുമായുള്ള സൗഹൃദബന്ധവും സഖ്യവും ഊട്ടിയുറപ്പിക്കാനും ഇന്ത്യയിലെ മുസ്‌ലിംകള്‍ മതപരമായും വിശ്വാസപരമായും ബാധ്യസ്ഥരാണ്. അതിനാല്‍ മറ്റ് സമുദായങ്ങളുമായി സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഏതെങ്കിലും വിഭാഗം മുസ്ലിം നേതാക്കള്‍ സ്വീകരിക്കുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത് വളരെ നിര്‍ണായക കാല്‍വെയ്പാണ്.

മാത്രമല്ല, എല്ലാ വിഭാഗങ്ങളുമായുള്ള ആശയവിനിമയ സാധ്യതകള്‍ തുറന്നിടുകയും വേണം. അത്തരം ശ്രമങ്ങള്‍ ഫലപ്രദമാവണമെങ്കില്‍ വിദ്വേഷവും അക്രമവും പ്രസംഗിക്കുന്നവര്‍ ഉപദേശകരായി സ്വയം നിയോഗിതരാവരുതെന്നതും പ്രധാനമാണ്.

ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും ന്യൂനപക്ഷകാര്യ മന്ത്രാലയവും ഗൗരവതരമായി ആണ് കാണുന്നതെങ്കില്‍ ആര്‍എസ്എസിന്റെ പബ്ലിക് റിലേഷന്‍ അജണ്ടകള്‍ക്ക് കുടപിടിക്കുന്നതിനു പകരം ന്യൂനപക്ഷങ്ങളുടെ അസ്തിത്വ, വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും മുഹമ്മദ് അലി ജിന്ന കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it