Sub Lead

കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ പോലിസുകാർക്ക് ജയിലില്‍ തടവുകാരുടെ മർദ്ദനം

മർദനത്തിന് നേതൃത്വം നൽകിയ സാത്താന്‍കുളം എസ്ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്.

കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ പോലിസുകാർക്ക് ജയിലില്‍ തടവുകാരുടെ മർദ്ദനം
X

ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാർ ആക്രമിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള പോലിസ് ഉദ്യോഗസ്ഥരെ തൂത്തുക്കുടി പെരൂറാനി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്‌. ശനിയാഴ്ച വൈകീട്ട് 4.30നാണ് ഇവർക്കുനേരെ തടവുകാർ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടത്.

ജയിൽ വാർഡന്മാരെത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാർപ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. പെരൂറാനി ജയിലിൽ 300 തടവുകാരെ പാർപ്പിക്കാനുളള സൗകര്യമാണുളളത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ 80 പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്‌.

മർദനത്തിന് നേതൃത്വം നൽകിയ സാത്താന്‍കുളം എസ്ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിബിസിഐഡിയുടെയും ഐജിയുടെയും എസ്പിയുടെയും നേതൃത്തിൽ 12 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയാണ് എസ്ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുരുകൻ എന്നിവർ അറസ്റ്റിലായത്.

ലോക്ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരിൽ ജൂൺ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകൻ ബെനിക്സ് എന്നിവരാണ് പോലിസ് പീഡനത്തെ തുടർന്ന് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലിസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളെത്തി. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it